വക്കം പഞ്ചായത്തിന് ഐഎസ്ഒ അംഗീകാരം

വക്കം : ഓഫീസ് പ്രവർത്തനമികവിനുള്ള അന്താരാഷ്ട്ര അംഗീകാരമായ ഐഎസ്ഒ  9001-2015 വക്കം പഞ്ചായത്തിന്. സേവനങ്ങൾ വേഗത്തിലാക്കുന്ന സംവിധാനങ്ങൾ, ഓഫീസ് റെക്കോഡുകളുടെ ക്രമീകരണം, അടിസ്ഥാന സൗകര്യ വികസനം,  ശുചിത്വമികവ് എന്നിവ പരിഗണിച്ചാണ് അംഗീകാരം. സേവനങ്ങളുടെ വിശദാംശങ്ങളും  ലഭ്യമാക്കുന്ന പരാതിപരിഹാര സംവിധാനങ്ങളുടെ വിവരങ്ങളും  എളുപ്പത്തിൽ മനസ്സിലാകുന്ന തരത്തിൽ ഓഫീസിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. ശീതീകരിച്ച ഫ്രണ്ട് ഓഫീസ് സംവിധാനം, ടെലിവിഷൻ, പത്ര മാസികകൾ, അപേക്ഷകളും മറ്റും തയ്യാറാക്കുന്നതിനുള്ള സ്റ്റേഷനറി സംവിധാനങ്ങൾ എന്നിവയും സജ്ജീകരിച്ചിട്ടുണ്ട്.

ഓഫീസിന്റെ ഒന്നാം നിലയിൽ കയറാൻ കഴിയാത്ത അംഗപരിമിതർ, വയോധികർ എന്നിവർക്കായി ഫ്രണ്ട് ഓഫീസിന്റെ ഒരു കൗണ്ടർ താഴത്തെ നിലയിൽ ഒരുക്കിയിട്ടുണ്ട്. തദ്ദേശവകുപ്പ് ഒരുക്കിയിട്ടുള്ള എല്ലാ സോഫ്റ്റ് വെയറുകളും പഞ്ചായത്തിൽ പ്രവർത്തനക്ഷമമാക്കിയതിനൊപ്പം ഫയലുകളുടെ നീക്കം നിരീക്ഷിക്കുന്നതിന് ടച്ച് സ്ക്രീൻ സംവിധാനവും ഏർപ്പെടുത്തി.

ജില്ലയിലാദ്യമായി വസ്തുനികുതി ഓൺ ലൈനായി അടയ‌്ക്കുന്നതിനുള്ള സംവിധാനം ഏർപ്പെടുത്തിയത് വക്കംപഞ്ചായത്താണ്. തുടർച്ചയായി കഴിഞ്ഞ രണ്ടു വർഷങ്ങളിലും നികുതിപിരിവ് നൂറ് ശതമാനവും നേടിയെടുത്തതടക്കം നിരവധി പ്രവർത്തനങ്ങൾക്കാണ് ഐഎസ്ഒ അംഗീകാരം. മികച്ച പഞ്ചായത്തിനുള്ള “സ്വരാജ്’ പുരസ്കാരത്തിനു പുറമെയാണ് ഐഎസ‌്ഒ അംഗീകാരവും പഞ്ചായത്തിനെ തേടിയെത്തിയത‌്.