വർക്കലയിൽ യുവാവിന്റെ മൃതദേഹം പോസ്റ്റുമോർട്ടം ചെയ്തില്ല: എം.എൽ.എയുടെ നേതൃത്വത്തിൽ ആശുപത്രി സൂപ്രണ്ടിനെ 4 മണിക്കൂറോളം തടഞ്ഞുവച്ചു

വർക്കല: യുവാവിന്റെ മൃതദേഹം പോസ്റ്റുമോർട്ടം ചെയ്യുന്നതുമായി ബന്ധപ്പെട്ട് താലൂക്ക് ആശുപത്രിയിലെ തർക്കത്തെ തുടർന്ന് വി. ജോയി എം.എൽ.എയുടെയും നഗരസഭാ ചെയർപേഴ്സൺ ബിന്ദു ഹരിദാസിന്റെയും നേതൃത്വത്തിൽ കൗൺസിലർമാർ ആശുപത്രി സൂപ്രണ്ടിനെ നാല് മണിക്കൂറോളം തടഞ്ഞുവച്ചു. ഇന്നലെ രാവിലെ 11.30ഓടെയാണ് സംഭവം. വർക്കല കണ്ണംബ വാറുവിള വീട്ടിൽ അരുണിന്റെ (32) മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്യുന്നതുമായി ബന്ധപ്പെട്ടാണ് തർക്കമുണ്ടായത്. ഇന്നലെ രാവിലെ നാലോടെ ദേഹാസ്വാസ്ഥ്യമുണ്ടായതിനെ തുടർന്ന് ബന്ധുക്കൾ അരുണിനെ വർക്കലയിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ആശുപത്രിയിലെത്തും മുമ്പേ അരുൺ മരിക്കുകയായിരുന്നു. പരിശോധിച്ച ഡോക്ടർ മരണം സ്ഥിരീകരിക്കുകയും വർക്കല പൊലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി പോസ്റ്റുമോർട്ടത്തിനായി താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. താലൂക്ക് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം ഡ്യൂട്ടിയുണ്ടായിരുന്ന ഡോക്ടർ മരണത്തിൽ സംശയം പ്രകടിപ്പിക്കുകയും പോസ്റ്റ്മോർട്ടത്തിനായി മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോകാനും നിർദ്ദേശിച്ചു. തുടർന്നാണ് തർക്കമുണ്ടായത്. അരുണിന് നെഞ്ചുവേദന ഉണ്ടായതിനെ തുടർന്നാണ് ആശുപത്രിയിലേക്ക് കൊണ്ടുപോയതെന്ന് ഒപ്പമുണ്ടായിരുന്നവർ പറഞ്ഞെങ്കിലും പോസ്റ്റ്മോർട്ടം ഫോറൻസിക് വിദഗ്ദ്ധരുടെ മേൽനോട്ടത്തിൽ നിർവഹിക്കണമെന്ന് താലൂക്ക് ആശുപത്രിയിലെ ഡോ. വിപിനും സൂപ്രണ്ട് ഡോ. ഷീലയും ആവർത്തിച്ചു. സ്ഥലത്തെത്തിയ എം.എൽ.എയും ചെയർപേഴ്സൺ ബിന്ദു ഹരിദാസും പോസ്റ്റ്മോർട്ടം നടത്തണമെന്ന് ആവശ്യപ്പെട്ടെങ്കിലും സൂപ്രണ്ട് വഴങ്ങിയില്ല. തുടർന്ന് മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഇതിന് ശേഷമാണ് 11.30ഓടെ സൂപ്രണ്ടിനെ ഓഫീസ് റൂമിൽ തടഞ്ഞുവച്ചത്. സൂപ്രണ്ടിന്റെ മുറിയുടെ മുന്നിൽ എം.എൽ.എയും ചെയർപേഴ്സണും കൗൺസിലർമാരും സമരം ആരംഭിക്കുകയും ചെയ്‌തു. വിവരമറിഞ്ഞ് നാട്ടുകാരും തടിച്ചുകൂടി. ആശുപത്രി സൂപ്രണ്ടിനെ എം.എൽ.എയുടെ നേതൃത്വത്തിൽ തടഞ്ഞുവച്ചതിൽ പ്രതിഷേധിച്ച് ആശുപത്രി ജീവനക്കാരും മിന്നൽ സമരം തുടങ്ങി. ഒ.പി വിഭാഗം പൂർണമായും സ്‌തംഭിച്ചെങ്കിലും അത്യാഹിത വിഭാഗം പ്രവർത്തിച്ചു. അതിനിടെ സൂപ്രണ്ട് താലൂക്ക് ആശുപത്രിയെ നശിപ്പിക്കാൻ ശ്രമിക്കുകയാണെന്നും യുവാവിന്റെ മൃതദേഹം പോസ്റ്റുമോർട്ടം ചെയ്യാത്തത് ന്യായീകരിക്കാനാവില്ലെന്നും സൂപ്രണ്ടിനെതിരെ നടപടി വേണമെന്നും എം.എൽ.എ ജില്ലാ മെഡിക്കൽ ഓഫീസറോട് ഫോണിൽ ആവശ്യപ്പെട്ടു. ഉച്ചയ്‌ക്ക് 2.30ഓടെ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. പ്രീത, ജില്ലാ വിജിലൻസ് ഓഫീസർ ജോസ് ഡിക്രൂസ്, സ്റ്റേറ്റ് വിജിലൻസ് ഓഫീസർ ശ്രീലത എന്നിവർ താലൂക്ക് ആശുപത്രിയിലെത്തി. ഇവർ എം.എൽ.എ, നഗരസഭാ ചെയർപേഴ്സൺ, താലൂക്ക് ആശുപത്രി സൂപ്രണ്ട് എന്നിവരുമായി ചർച്ച നടത്തി. സൂപ്രണ്ടിനെതിരെ കർശനമായ നടപടി വേണമെന്ന് എം.എൽ.എ ആവശ്യപ്പെട്ടു. എന്നാൽ സൂപ്രണ്ടിനെതിരെ നടപടിയെടുക്കാൻ തങ്ങൾക്ക് അധികാരമില്ലെന്നും സംഭവത്തെക്കുറിച്ച് ആരോഗ്യവകുപ്പ് ഡയറക്ടർക്ക് റിപ്പോർട്ട് നൽകാമെന്നും ഡി.എം.ഒ അറിയിച്ചു. തുടർന്ന് വൈകിട്ട് 3.30ഓടെ സമരം അവസാനിപ്പിച്ചു.

ദേഹാസ്വാസ്ഥ്യം മൂലം ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി മരണപ്പെട്ട അരുണിന്റെ മൃതദേഹം പോസ്റ്റ്മോർട്ടം നടത്താനാവില്ലെന്ന് പറഞ്ഞ താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. ഷീലയ്ക്കെതിരെ വകുപ്പ് തല നടപടി വേണമെന്ന് അഡ്വ.വി. ജോയി എം.എൽ.എ ആവശ്യപ്പെട്ടു. താലൂക്ക് ആശുപത്രിയെ തകർക്കാനാണ് സൂപ്രണ്ട് ശ്രമിക്കുന്നതെന്നും എം.എൽ.എ കുറ്റപ്പെടുത്തി.

എന്നാൽ സ്ത്രീയെന്ന പരിഗണന തരാതെയാണ് തന്നെ നാലു മണിക്കൂർ സമയം ഓഫീസ് മുറിയിൽ ബന്ദിയാക്കി വച്ചതെന്നും താനെപ്പോഴും നിയമപരമായ ശരിയുടെ പക്ഷത്താണെന്നും താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. ഷീല പറഞ്ഞു. യുവാവിന്റെ മരണത്തിൽ ഡ്യൂട്ടി ഡോക്ടർ സംശയം പറഞ്ഞു, അതിനാലാണ് മെഡിക്കൽ കോളേജിലെ ഫോറൻസിക് വിദഗ്ദ്ധരുടെ മേൽനോട്ടത്തിൽ പോസ്റ്റുമോർട്ടം നടത്തണമെന്ന് നിർദ്ദേശിച്ചത്. നിയമപരമായി തനിക്ക് ചെയ്യാനാകാത്തത് ആര് പറഞ്ഞാലും ചെയ്യാനാകില്ലെന്നും സൂപ്രണ്ട് പറഞ്ഞു.