വെള്ളനാട് ബ്ലോക്ക്‌ പഞ്ചായത്ത് ബഡ്ജറ്റ്

വെള്ളനാട്: കാർഷിക മേഖലയ്ക്കും സാമൂഹ്യ ക്ഷേമ പരിപാടികൾക്കും മുൻതൂക്കം നൽകി 140.50 കോടി രൂപ വരവും 138.77കോടി രൂപ ചെലവും 1കോടി 72ലക്ഷം മിച്ചവുമുള്ള വാർഷിക ബഡ്ജറ്റ് വെള്ളനാട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൽ. റീന അവതരിപ്പിച്ചു.

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി വെള്ളനാട് ബ്ലോക്ക് പഞ്ചായത്ത് പ്രദേശത്ത് സംയോജിപ്പിച്ചുകൊണ്ട് 101.62 കോടിരൂപ വിവിധ മേഖലകളുടെ വികസനത്തിനായി വകയിരുത്തി. വാർഷിക പദ്ധതിയിൽ 11.04കോടി രൂപ ഉത്പാദന, സേവന, പശ്ചാത്തല മേഖലകളിൽ വിനിയോഗിച്ചുകൊണ്ട് അന്ന സമൃദ്ധ പദ്ധതി, വെള്ളനാട് ഹണി ഗ്രാമം, ശുദ്ധജല മത്സ്യകൃഷി പ്രോത്സാഹനം, കർഷകമിത്ര, ക്ഷീര വികസനം, സേവന മേഖലയിൽ സമഗ്ര ഭവന നിർമ്മാണം, കലാ സാംസ്ക്കാരിക മേഖലയിൽ ലൈബ്രറികൾക്ക് ഫർണ്ണിച്ചർ, കുട്ടികൾക്ക് കലാ പഠനം, സമഗ്ര വയോജന പരിപാലന പദ്ധതി, ഭിന്നശേഷി സൗഹൃദ പദ്ധതിയായ അതിജീവനം, വനിതകൾക്കും ട്രാൻസ്ജെന്ററുകൾക്കും പ്രത്യേക പരിഗണനയും നൽകിയിട്ടുണ്ട്.
പട്ടികജാതി പട്ടിക വർഗ്ഗ മേഖലകളിൽ കുടിവെള്ളം, സമഗ്ര കോളനി വികസനം, വിദ്യാഭ്യാസ സ്ക്കോളർഷിപ്പ്, പഠന മുറി ,സാമൂഹ്യ പഠന കേന്ദ്രം, വിവിധ ആശുപത്രികളുടെ വികസനം എന്നിവയ്ക്കും പ്രാധാന്യം നൽകി. കേന്ദ്ര സംസ്ഥാന ഫണ്ടുകളും, എം.എൽ.എ, എം.പി, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വിഹിതം, ബാങ്ക് സഹായം, ഗുണഭോക്തൃ വിഹിതം എന്നിവ വഴിയാണ് വികസന പദ്ധതികൾക്ക് തുക കണ്ടെത്തുക.
ബഡ്ജറ്റ് യോഗത്തിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.എസ്. അജിതകുമാരി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം എൽ.പി. മായാദേവി, ബ്ലോക്ക് പഞ്ചായത്ത് വിവിധ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ ജി. സ്റ്റീഫൻ, ജെ. വേലപ്പൻ, വെള്ളനാട് ജ്യോതിഷ് കുമാർ, ബ്ലോക്ക് പഞ്ചായത്തംഗങ്ങൾ, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാർ, പദ്ധതി നിർവഹണ ഉദ്യോഗസ്ഥർ, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി തുടങ്ങിയവർ പങ്കെടുത്തു.