വെഞ്ഞാറമൂട് പുതുക്കുളം ജലസംഭരണി നാശത്തിലേക്ക്

വെഞ്ഞാറമൂട്: നാട്ടിൽ ജലക്ഷാമം രൂക്ഷമാകുമ്പോൾ കാടും പായലും കയറി വെഞ്ഞാറമൂട് പഞ്ചായത്ത് ഓഫീസിന് സമീപമുള്ള പുതുക്കുളം അടക്കമുള്ള ജലസംഭരണികൾ പായൽ കയറി നശിക്കുന്നു. വെഞ്ഞാറമൂട് ടൗണിന് ഹൃദയഭാഗത്തുള്ള പഞ്ചായത്ത് വക കുളമായ പുതുക്കുളം കാടും പായലും കയറി നശിച്ചിട്ടും അധികാരികൾ കണ്ണടച്ചിരിക്കുകയാണ്. ഇത്തരത്തിൽ നെല്ലനാട് പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിൽ ജലസംഭരണികൾ നാശത്തിന്റെ വക്കിലാണ്. കൊട്ടാരകുളവും, വടക്കനാട് കുളവും ഇത്തരത്തിൽ നാശത്തിന്റെ വക്കിലാണ്. ഇവിടെയുള്ള കുളങ്ങൾ സംരക്ഷിച്ചിരുന്നെങ്കിൽ വെഞ്ഞാറമൂട്ടിലും പരിസരങ്ങളിലുമുള്ളള ജലക്ഷാമം പരിഹരിക്കാൻ കഴിയുമായിരുന്നു. നൂറ്റാണ്ട് പഴക്കമുള്ള കുളങ്ങളിൽ ഒന്നാണ് പുതുക്കുളം. പതിനഞ്ച് കൊല്ലങ്ങൾക്ക് മുൻപ് ലക്ഷങ്ങൾ ചെലവഴിച്ച് കുളത്തിന് സംരക്ഷ ഭിത്തിയും, കുളത്തിലേക്ക് ഇറങ്ങുന്നതിന് ചപ്പാത്തും നിർമ്മിച്ചിരുന്നു. ഇപ്പോൾ കാലപ്പഴക്കം കൊണ്ട് കുളത്തിലേക്ക് ചെളിയും മാലിന്യവും നിറഞ്ഞ് ഉപയോഗശൂന്യമായിരിക്കുകയാണ്. 2017 ലെ നെല്ലനാട് പഞ്ചായത്ത് ബഡ്ജറ്റിൽ പുതുക്കുളം വൃത്തിയാക്കി ജലസേചനത്തിന് ഉപയോഗിക്കുന്നതിന് തുക മാറ്റിവച്ചിരുന്നു. ഇത് പ്രഖ്യാപനത്തിൽ ഒതുങ്ങി. വെഞ്ഞാറമൂട് സ്വകാര്യ ബസ് സ്റ്റാൻഡിനോട് ചേർന്നാണ് ഈ കുളം. എന്നാൽ ബസ് സ്റ്റാൻഡ് ഉദ്ഘാടനം ഇനിയും നടന്നിട്ടില്ല. മത്സ്യ മൊത്ത കച്ചവടക്കാരുടെ സംഭരണ വിതരണ കേന്ദ്രം ഇതിനോട് ചേർന്നാണ്. രാത്രിയിൽ എത്തുന്ന കച്ചവടക്കാർ മാലിന്യങ്ങൾ കുളത്തിലേക്ക് വലിച്ചെറിയുന്നതും പതിവാണ്. കാടും പടർപ്പും വളർന്ന് പായലും നിറഞ്ഞ് നാശോന്മുഖമായ ഈ കുളത്തെ സംരക്ഷിക്കണമെന്നാവശ്യമാണ് നാട്ടുകാർക്കുള്ളത്.