വാഗമൺ വിനോദസഞ്ചാര കേന്ദ്രത്തിൽ റോപ്‌വേ പൊട്ടി, നിരവധി പേർക്ക് പരിക്ക്

ഇടുക്കി: വാഗമൺ വിനോദസഞ്ചാര കേന്ദ്രത്തിൽ റോപ്‌വേ പൊട്ടിയുണ്ടായ അപകടത്തിൽ പതിനഞ്ചോളം പേർക്ക് പരിക്കേറ്റു. ചിലരുടെ നില ഗുരുതരമാണ്. പരിധിയിൽ കൂടുതൽ ആളുകൾ റോപ്‌വേയിൽ കയറിയതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. പരിക്കേറ്റവരെ ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അങ്കമാലി ചുള്ളി സെൻ്റ് ജോർജ്ജ് പള്ളിയിൽ നിന്നെത്തിയവരാണ്  അപകടത്തിൽ പെട്ടത്. വൈദികനും കന്യാസ്ത്രീയും സൺഡേ സ്കൂൾ അധ്യാപകരുമാണ് സംഘത്തിലുണ്ടായിരുന്നത്.

വാഗമണിലെ കോലാഹലമേട് സൂയിസൈഡ് പോയിൻ്റിലെ സഞ്ചാരികൾക്കായി തുറന്നുകൊടുത്തിട്ടില്ലാത്ത റോപ്‌വേ തകർന്നാണ് അപകടമുണ്ടായത്. പരമാവധി മൂന്ന് പേർ മാത്രം കയറേണ്ടുന്ന റോപ്‌വേയിൽ പതിനഞ്ചോളം പേർ കയറിയതായാണ് സൂചന. സെക്യൂരിറ്റി ഉദ്യോദസ്ഥരുടെ മുന്നറിയിപ്പ് വകവെയ്ക്കാതെയാണ് സഞ്ചാരികൾ റോപ്പ്‍വേയിൽ കയറിയതെന്ന് വിനോദ സഞ്ചാര കേന്ദ്രത്തിന്‍റെ അധികൃതർ പറഞ്ഞു.