നരേന്ദ്രമോദി എന്ന ഏകാധിപതിയെ പുറത്താക്കാതെ നിവൃത്തിയില്ലെന്ന് ആനത്തലവട്ടം ആനന്ദൻ

വർക്കല: ജനാധിപത്യവും മതേതരത്വവും നിയമവാഴ്ചയും രാജ്യത്ത് നിലനിൽക്കണമെങ്കിൽ നരേന്ദ്രമോദി എന്ന ഏകാധിപതിയെ പുറത്താക്കാതെ നിവൃത്തിയില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റംഗം ആനത്തലവട്ടം ആനന്ദൻ പറഞ്ഞു. ആറ്റിങ്ങൽ മണ്ഡലത്തിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി എ. സമ്പത്തിന്റെ വർക്കല നിയമസഭാമണ്ഡലം കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജനാധിപത്യവും മതേതരത്വവും നിലനിൽക്കണമോ വേണ്ടയോ എന്ന് തീരുമാനിക്കപ്പെടുന്ന തിരഞ്ഞെടുപ്പാണിത്. ജനാധിപത്യ അവകാശങ്ങൾ നിഷേധിക്കപ്പെട്ടാൽ രാജ്യത്തെ ജനങ്ങൾക്ക് സ്വതന്ത്റമായി ജീവിക്കാനാകില്ല. മുസ്ലിങ്ങളും ക്രിസ്ത്യാനികളും ഉൾപ്പെടെ ന്യൂനപക്ഷ സമുദായങ്ങൾ ഇല്ലാത്തൊരു ഹൈന്ദവഭാരതം ഉണ്ടാകണമെന്നാണ് ബി.ജെ.പി നേതാക്കൾ പറയുന്നത്. ഖർവാപ്പസി എന്നാണ് അതിനവർ പേരിട്ടത്. രാജ്യം ശിഥിലപ്പെടാതെ നിലനിൽക്കുന്നതിന്റെ ആധാരശിലയാണ് മതേതരത്വം. അതു വേണ്ടെന്നാണ് ബി.ജെ.പി പറയുന്നത്. കഴിഞ്ഞ അഞ്ച് വർഷത്തെ മോദി ഭരണത്തിനിടയിൽ നിയമവാഴ്ചയും നീതിന്യായ വ്യവസ്ഥയുമെല്ലാം അപകടത്തിലായിരിക്കുകയാണ്. സി.ബി.ഐയെയും വിജിലൻസ് കമ്മിഷനെയും റിസർവ് ബാങ്കിനെ പോലും അവർ വരുതിയിലാക്കിയിരിക്കുകയാണ്. തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം തീറെഴുതി. പ്രധാന റെയിൽവേ സ്റ്റേഷനുകളും വിൽക്കാനുള്ള ഒരുക്കങ്ങൾ നടക്കുന്നു. രാജ്യത്തെ കട്ടുമുടിച്ച് കടക്കെണിയിലാക്കിയിരിക്കുകയാണ്. ഈ തിരഞ്ഞെടുപ്പിൽ കേരളം ഇടതുപക്ഷത്തിനൊപ്പമാണ്. കുമ്മനമല്ല അമിത് ഷായോ നരേന്ദ്രമോദിയോ വന്നു നിന്നാൽപോലും കേരളത്തിൽ ബി.ജെ.പിക്ക് ഒറ്ര സീറ്റുപോലും ലഭിക്കില്ലെന്നും ആനത്തലവട്ടം പറഞ്ഞു. അഡ്വ. വി.ജോയി എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. മുൻ എം.എൽ.എ എൻ.രാജൻ, വി.ശിവൻകുട്ടി, ബി.പി.മുരളി, പ്രൊഫ. കുമ്മിൾ സുകുമാരൻ, വി.രഞ്ജിത്ത്, അഡ്വ. ബി.രവികുമാർ, അഡ്വ. ഫിരോസ് ലാൽ, അഡ്വ. ജി. സുഗുണൻ, കുന്നിൽ സുൽഫി, എൻ.എം.നായർ, അഡ്വ. എസ്.ഷാജഹാൻ, കെ.എം.ലാജി, മടവൂർ അനിൽ, എസ്.രാജീവ്, മനോജ് ഇടമന, ഇ.എം.റഷീദ്, വർക്കല നഗരസഭ ചെയർപേഴ്സൺ ബിന്ദു ഹരിദാസ്, വർക്കല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.കെ.യൂസഫ്, കിളിമാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീജാ ഷൈജുദേവ്, സജീർ, അഡ്വ. പി.സി. സുരേഷ്, വിക്രമൻ തുടങ്ങിയവർ സംസാരിച്ചു. സമ്മേളനത്തിന് മുമ്പ് പ്രകടനവും നടന്നു.