കോൺഗ്രസ്‌ സ്ഥാനാർഥി പട്ടിക പ്രസിദ്ധീകരിക്കുന്നതിന് മുൻപ് മതിലിൽ അടൂർ പ്രകാശിന്റെ പേര്

കിഴുവിലം : രാജ്യത്ത് ലോക്സഭാ തെരഞ്ഞെടുപ്പ് ആഘോഷങ്ങൾ നടക്കുന്നെങ്കിലും ഇതുവരെയും കോൺഗ്രസും ബിജെപിയും സ്ഥാനാർഥി പട്ടിക പ്രസിദ്ധീകരിച്ചില്ല. ആറ്റിങ്ങൽ മണ്ഡലത്തിൽ എൽഡിഎഫ് സ്ഥാനാർഥിയായി എ. സമ്പത്ത് നിൽക്കുമ്പോൾ കോൺഗ്രസ്‌, ബിജെപി സ്ഥാനാർഥികൾ ആരെന്ന് വ്യക്തമായിട്ടില്ല. എന്നാൽ അടൂർ പ്രകാശ് എംഎൽഎ ആറ്റിങ്ങലിൽ സ്ഥാനാർഥിയാകാനുള്ള സാധ്യത റിപോർട്ടുകൾ ആദ്യം മുതലേ ഉണ്ടായിരുന്നു.


സ്ഥാനാർഥി പട്ടിക വന്നില്ലേലും ആറ്റിങ്ങലിൽ അടൂർ പ്രകാശിന്റെ പേര് മതിലുകളിൽ തെളിഞ്ഞു തുടങ്ങി. ആറ്റിങ്ങൽ ലോക്സഭാ മണ്ഡലത്തിലെ കിഴുവിലം പഞ്ചായത്തിലെ കാട്ടുമ്പുറം ഭാഗങ്ങളിലാണ് അടൂർ പ്രകാശിനെ വിജയിപ്പിക്കുക എന്നുള്ള ചുവർ വരകൾ പ്രത്യക്ഷപ്പെട്ടത്. കോൺഗ്രസ്‌ ആറ്റിങ്ങലിൽ ആഗ്രഹിക്കുന്നത് അടൂർ പ്രകാശിനെയാണെന്നാണ് വാദം. ആറ്റിങ്ങൽ ലോക്സഭാ മണ്ഡലത്തിൽ പുതിയ മാറ്റങ്ങൾ വരണമെങ്കിൽ കോൺഗ്രസ്‌ സ്ഥാനാർഥി വിജയിക്കണമെന്നും അതിന് ജനങ്ങൾ മുന്നിൽ കാണുന്നത് അടൂർ പ്രകാശിനെയാണെന്നും കോൺഗ്രസ്‌ അനുഭാവികൾ പറയുന്നു. സ്ഥാനാർഥി പട്ടികയിൽ ആറ്റിങ്ങലിന്റെ സ്ഥാനാർഥി അടൂർ പ്രകാശ് തന്നെയായിരിക്കും എന്നാണ് കോൺഗ്രസ്‌ പ്രവർത്തകർ പറയുന്നത്. ചുവരിലെ പേരും വരയും മായ്ക്കേണ്ടി വരില്ലെന്ന പ്രതീക്ഷയിലാണവർ.