ഒന്നര ഏക്കർ തരിശ് പൊന്നാക്കി പെൺസംഘം

പാലോട്: കടുത്ത വേനലിനെ അതിജീവിച്ച് ഒന്നര ഏക്കർ തരിശുഭൂമിയിൽ പൊന്ന് വിളയിച്ച് കുറുപുഴ വെമ്പിലെ ശ്രീദുർഗ്ഗ കുടുംബശ്രീ സംഘം. പയറും ചീരയും കിഴങ്ങുവിളകളും വിവിധ തരം കായ്കറി പച്ചക്കറികളും ജൈവസമൃദ്ധിയുടെ വിളവിനങ്ങളിൽ പെടുന്നു. നന്ദിയോട് കൃഷി ഓഫീസർ എസ്. ജയകുമാറിന്റ നേതൃത്വത്തിൽ ആഘോഷപൂർവമാണ് വിളവെടുപ്പ് നടന്നത്. 14 വീട്ടമ്മമാർ ഉൾപ്പെടുന്നതാണ് ശ്രീദുർഗ്ഗ കുടുംബശ്രീ സംഘം. ആയിരം ഗ്രോ ബാഗുകളിലായി വീട്ടുമുറ്റങ്ങളിലെ കൃഷിക്കുള്ള തയ്യാറെടുപ്പും ഇവർ നടത്തുന്നുണ്ട്. മുട്ടക്കോഴി വളർത്തലും ഈ പെൺ സംഘത്തിന്റെ മുഖ്യ അജണ്ടയാണ്. വരും ദിവസക്കളിൽ ചക്കയിൽ നിന്നും മരച്ചീനിയിൽ നിന്നുമുള്ള ഉപോല്പന്നങ്ങൾ തയാറാക്കി വിപണിയിലെത്തിക്കാനുള്ള തയാറെടുപ്പിലാണ് സംഘാംഗങ്ങൾ.