ആംകോ എത്തി, ലക്ഷ്മി അമ്മയ്ക്ക് ആശ്വാസം പകർന്നു

മണമ്പൂർ : അസുഖത്തെത്തുടർന്ന് കാലുമുറിച്ചു മാറ്റി ജോലിചെയ്യാൻ പോലുമാകാതെ കഴിയുന്ന മണമ്പൂർ തോപ്പുവിള വീട്ടിൽ ലക്ഷ്മി (60) ക്ക് മണമ്പൂർ പന്തടിവിള അയിഷ മെമ്മോറിയൽ ചാരിറ്റബിൾ ഓർഗനൈസേഷൻ (ആംകോ) ന്റെ കാരുണ്യ സ്പർശം. ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി നിർദ്ധനരും അസുഖ ബാധിതരുമായ നിരവധിപേർക്ക് മാസംതോറും നൽകി വരുന്ന പെൻഷൻ കിറ്റുകൾ ഇനിമുതൽ ലക്ഷ്മി അമ്മയ്ക്കും ലഭിക്കും. ഈ മാസത്തെ കിറ്റ് ആംകോ ഭാരവാഹികളായ ജി. സുകുമാരൻ, ആർ. ജോയി, എൻ. അനിൽ രാജ് എന്നിവർ വീട്ടിലെത്തി ലക്ഷ്മി അമ്മയ്ക്ക് കൈമാറി. ജീവകാരുണ്യ പ്രവർത്തനങ്ങളിൽ ഏറെ ശ്രദ്ധേയമാണ് ആംകോ. ലക്ഷ്മി അമ്മയുടെ തുടർചികിത്സയ്ക്കും മരുന്നുകൾക്കുമായി നല്ലൊരു തുക മാസംതോറും ചെലവുള്ളതിനാൽ കഴിയുന്ന സഹായം തുടർന്നും ചെയ്യുമെന്നും, സുമനസുകളുടെ സഹായവും ഇവർക്ക്‌ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും ആംകോ ഭാരവാഹികൾ പറഞ്ഞു.