അഞ്ചുതെങ്ങ് പഞ്ചായത്തിനെ സമ്പത്ത് എം.പി തഴയുന്നെന്ന് ആരോപണം

അഞ്ചുതെങ്ങ് : ആറ്റിങ്ങൽ എം.പി ഡോ.എ സമ്പത്ത് ദത്തെടുത്ത അഞ്ചുതെങ്ങ് പഞ്ചായത്തിനെ പൂർണ്ണമായും തഴയുന്നെന്ന് ആരോപണം. എന്നാൽ മറ്റ് ഏത് പദ്ധതിയിൽ പരിപാടികൾ സംഘടിപ്പിച്ചാലും അതെല്ലാം എം.പിയുടെ പേരിലേക്കാണ് പോകുന്നതെന്നും പഞ്ചായത്തിലെ എല്ലാ പരിപാടികളും സി.പി.എം രാഷ്ട്രീയ വൽക്കരിക്കുന്നതായും ആരോപണമുണ്ട്.

അഞ്ചുതെങ്ങ് പഞ്ചായത്ത്‌ പ്രസിഡന്റ്‌ ക്രിസ്റ്റി സൈമൺ ആറ്റിങ്ങൽ വാർത്ത ഡോട്ട് കോമിനോട് പറഞ്ഞത് :-

സമ്പത്ത് എം.പി ദത്തെടുത്ത അഞ്ചുതെങ്ങ് പഞ്ചായത്തിന് പരിധിയിലുള്ള സി.എച്ച്.സിയിൽ ഒരു പാലിയേറ്റീവ് ആംബുലൻസ് പോലും ഇതുവരെയും എംപിക്ക് നൽകാനായിട്ടില്ല. മാത്രമല്ല കുടിവെള്ള പദ്ധതിയായ വാക്കംകുളം കുടിവെള്ള പദ്ധതിക്കായി എം.പിയുടെ സഹായത്തിന് പഞ്ചായത്ത് അപേക്ഷ നൽകിയിട്ട് ഇതുവരെയും എം.പിയുടെ ഭാഗത്തുനിന്നും ഒരു അനക്കവും ഉണ്ടായിട്ടില്ല. നിലവിൽ കുടിവെള്ളത്തിനായി നെട്ടോട്ടം ഓടുന്ന അഞ്ചുതെങ്ങ് പഞ്ചായത്തിൽ കുടിവെള്ള പദ്ധതിക്ക് പരിഹാരം കണ്ടെത്താനാവാതെ കേബിളും മറ്റും ഇടുന്നതിന് കൂടുതൽ പ്രാധാന്യം നൽകുന്നതും ഇലക്ഷൻ മുന്നിൽ കണ്ടിട്ടാണോ എന്നും സംശയിക്കേണ്ടിയിരിക്കുന്നു. കഴിഞ്ഞദിവസം കെ.എസ്.ഇ.ബി പഞ്ചായത്തിൽ നടപ്പാക്കിയ 9.9 കോടി രൂപയുടെ വൈദ്യുതി വിതരണ ശൃംഖല വ്യാപന പദ്ധതി സാഗി പദ്ധതിയിലുൾപ്പെടുത്തിയത് എന്ത് അടിസ്ഥാനത്തിലാണെന്ന് പഞ്ചായത്ത് പ്രസിഡൻറ് ചോദിക്കുന്നു. എം.പി അഞ്ചുതെങ്ങ് പഞ്ചായത്തിനെ ദത്തെടുത്തപ്പോൾ തുടങ്ങിയ സാഗി പദ്ധതി മൂന്ന് വർഷം കഴിഞ്ഞപ്പോൾ കഴിഞ്ഞു. ഏകദേശം ആറു മാസത്തിനു മുമ്പ് കഴിഞ്ഞ സാഗി പദ്ധതിയുടെ പേരിൽ ഇപ്പോഴും പരിപാടികൾ സംഘടിപ്പിക്കുന്നത് എം.പിയുടെ പേരിലേക്ക് പദ്ധതികളുടെ പ്രവർത്തനം വിലയിരുത്താനാണെന്നും പ്രസിഡന്റ്‌ ആരോപിച്ചു. മാത്രമല്ല കഴിഞ്ഞദിവസം നടന്ന പരിപാടിയിൽ പഞ്ചായത്ത് ഭരണസംഘത്തെ പൂർണമായും ഒഴിവാക്കിയാണ് നടത്തിയത്. അതുകൊണ്ടാണ് സ്വാഗതസംഘ രൂപീകരണ സമയത്തും മറ്റും പഞ്ചായത്ത് പ്രസിഡന്റിനെ ക്ഷണിക്കാതെ പരിപാടികൾ പൂർണമായും തീരുമാനിച്ച് നോട്ടീസ് അടിച്ചതിനുശേഷം പ്രസിഡൻറിനെ വിവരമറിയിച്ചത്. മാത്രമല്ല പഞ്ചായത്ത് കമ്യൂണിറ്റിഹാൾ നിലവിലുള്ളപ്പോൾ ചെറിയ ഹാളിലേക്ക് പരിപാടി മാറ്റിയതും രാഷ്ട്രീയവൽക്കരണത്തിന്റെ ഭാഗമായാണെന്ന് പഞ്ചായത്ത് പ്രസിഡൻറ് പറഞ്ഞു. കഴിഞ്ഞ പഞ്ചായത്ത് ഭരണസമിതി കാലത്ത് എം.പിയുടെ അനുവാദപ്രകാരം 300 കോടി രൂപയുടെ പദ്ധതികൾക്കാണ് രൂപം നൽകിയത്. എന്നാൽ ഇതുവരെയും ഒരു പദ്ധതിയും നിലവിൽ വന്നിട്ടില്ലെന്നും പഞ്ചായത്ത് പ്രസിഡൻറ് കുറ്റപ്പെടുത്തി. ഇലക്ഷൻ അടുത്തിരിക്കുന്ന ഈ സാഹചര്യത്തിൽ എല്ലാ പദ്ധതികളും എം.പിയുടെ പേരിലേക്ക് പോകുമ്പോൾ അഞ്ചുതെങ്ങ് പഞ്ചായത്തിന് അവഗണന മാത്രമാണെന്ന് പഞ്ചായത്ത് പ്രസിഡൻറ് ക്രിസ്റ്റി സൈമൺ ചൂണ്ടിക്കാട്ടി.