ബിജെപിയുടെ പോസ്റ്റർ ഇലക്ഷൻ കമ്മീഷൻ ഉദ്യോഗസ്ഥർ വലിച്ചു കീറി, 40 ഓളം ബിജെപി പ്രവർത്തകർക്കെതിരെ കേസ്

ആറ്റിങ്ങൽ : ആറ്റിങ്ങലിൽ കഴിഞ്ഞ ദിവസം രാത്രിയിൽ ബി.ജെ.പിയുടെ തിരഞ്ഞെടുപ്പ് പാർട്ടി ഓഫീസിന് സമീപത്തെ സ്വകാര്യ വ്യക്തിയുടെ വീടിൻറെ മതിലിൽ പതിച്ചിരുന്ന ബിജെപി സ്ഥാനാർത്ഥിയെ ശോഭാസുരേന്ദ്രന്റെ പോസ്റ്റർ ഇലക്ഷൻ കമ്മീഷൻ ഉദ്യോഗസ്ഥർ വലിച്ചുകീറി. ഉദ്യോഗസ്ഥർ വലിച്ചു കീറുന്നത് ശ്രദ്ധയിൽപ്പെട്ട ബിജെപി പ്രവർത്തകർ ചോദ്യം ചെയ്യുകയും ‘stick no bills’ പതിച്ച മതിലിൽ പോസ്റ്റർ പതിച്ചതുകൊണ്ടാണെന്നും വീട്ടുടമ പരാതി നൽകിയതിന്റെ അടിസ്ഥാനത്തിലാണ് വലിച്ചുകീറിയതെന്നുമാണ് ഉദ്യോഗസ്ഥർ പറഞ്ഞത്. തുടർന്ന് പ്രവർത്തകർ വീട്ടുടമയോട് കാര്യം അന്വേഷിക്കുകയും പോസ്റ്റർ പതിച്ചതിൽ യാതൊരുവിധ ബുദ്ധിമുട്ടും പരാതിയുമില്ലെന്ന് വീട്ടുടമ പൊതുജനമധ്യത്തിൽ പറഞ്ഞു. അതോടെ പ്രവർത്തകർ ഒത്തുകൂടി ഉദ്യോഗസ്ഥരെ തടഞ്ഞുവെച്ചു. പ്രധാന ഉദ്യോഗസ്ഥൻ മദ്യപിച്ചെത്തി പോസ്റ്റർ വലിച്ചു വലിച്ചുകീറുകയാണുണ്ടായതെന്ന് പ്രവർത്തകർ ആരോപിച്ചു. തുടർന്ന് ആറ്റിങ്ങൽ ഡിവൈഎസ്പി ഉൾപ്പെടെയുള്ള പോലീസ് സംഘം സ്ഥലത്തെത്തി. ഉദ്യോഗസ്ഥൻ മദ്യപിച്ചെത്തി പോസ്റ്റർ വലിച്ചുകീറി എന്ന് ബിജെപി പ്രവർത്തകർ പോലീസിനെ അറിയിച്ചു. എന്നാൽ മദ്യപിച്ചിട്ടുണ്ടോ ഇല്ലയോ എന്ന് മെഡിക്കൽ പരിശോധന നടത്താമെന്ന് ഡിവൈഎസ്പി വാക്ക് നൽകുകയും ചെയ്തു. തുടർന്ന് എല്ലാവരും പിരിഞ്ഞു പോയി. എന്നാൽ പോലീസ് മെഡിക്കൽ പരിശോധന നടത്താൻ കൂട്ടാക്കിയില്ലത്രെ. കൂടാതെ ഉദ്യോഗസ്ഥരെ തടഞ്ഞുവെച്ചു എന്നതിൻറെ പേരിൽ നാല്പതോളം കണ്ടാലറിയാവുന്ന ബിജെപി പ്രവർത്തകർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം ആറ്റിങ്ങൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തെന്നാണ് വിവരം. ഉടമയുടെ അനുമതി ഉണ്ടായിട്ടും പോസ്റ്റർ വലിച്ചുകീറിയതും ഉദ്യോഗസ്ഥൻ മദ്യലഹരിയിൽ ആണെന്ന് ബിജെപി പ്രവർത്തകർ അറിയിച്ചിട്ടും മെഡിക്കൽ പരിശോധന പോലും നടത്താതെ പോലീസ് പ്രവർത്തകർക്കെതിരെ കേസ് എടുത്തത് രാഷ്ട്രീയ നാടകമാണെന്നും ആരോപണമുണ്ട്.