ആറ്റിങ്ങൽ ബൈപാസ്, അലൈൻമെന്റിലെ മാറ്റം പ്രതിഷേധത്തിനിടയാക്കുന്നു 

കിഴുവിലം : കടമ്പാട്ടുകോണം- കഴക്കൂട്ടം,ആറ്റിങ്ങൽ ബൈപ്പാസിന്റെ അലൈൻമെൻറ് വന്ന വ്യത്യാസം പൊരുത്തപ്പെടാനാകാതെ ഭൂവുടമകൾ പ്രതിഷേധിച്ചു. ഇന്ന് രാവിലെ മാമം കുന്നുംപുറം ഭാഗത്ത് കല്ലിടാൻ എത്തിയപ്പോൾ അലൈൻമെന്റിൽ വന്ന വ്യത്യാസം മനസ്സിലാക്കിയ ഭൂവുടമകൾ കല്ലിടാൻ അനുവദിക്കില്ലെന്ന് പ്രതിഷേധം അറിയിക്കുകയായിരുന്നു. 2009 സ്ഥലം തിട്ടപ്പെടുത്തി കല്ലിടൽ പൂർത്തിയാക്കിയശേഷം മിച്ചഭൂമിയിൽ ജനങ്ങൾ വീട് വച്ചു താമസമാക്കി. എന്നാൽ പിന്നീട് മറ്റൊരു അലൈൻമെന്റുമായി പുതിയ ഏജൻസി വരുകയും അത് വലിയ പ്രതിഷേധത്തിന് ഇടയാക്കുകയും ചെയ്തു. തുടർന്ന് 2009ലെ അലൈൻമെൻറ് അനുസരിച്ച് തന്നെ ഭൂമി തിട്ടപ്പെടുത്തി കല്ലിടൽ പൂർത്തിയാക്കുമെന്നും സ്ഥലം എടുക്കുമെന്നും വിജ്ഞാപനം വന്നിരുന്നു. അതുപ്രകാരം ഇന്ന് കല്ലിടാൻ എത്തിയ ഉദ്യോഗസ്ഥർ 2009ലെ അലൈൻമെന്റിൽ നിന്നും വ്യത്യാസം വരുത്തി കല്ല് സ്ഥാപിക്കാൻ ഒരുങ്ങിയപ്പോൾ ആണ് ജനങ്ങൾ പ്രതിഷേധിച്ചത്. അന്ന് ഒഴിവാക്കിയ മിച്ചഭൂമിയിൽ പലരും വീടുവച്ച് താമസമാക്കുകയും വീടിൻറെ നിർമ്മാണ പ്രവർത്തനങ്ങൾ നടത്തി വരികയുമാണ്. മാത്രമല്ല വിദേശത്ത് ജോലി ചെയ്യുന്ന പലരും നാട്ടിൽ വന്ന് സ്ഥിരതാമസമാക്കുകയും ചെയ്തു. നേരത്തെ വയലിൻ ഭാഗം റോഡിനായി തിട്ടപ്പെടുത്തി കല്ലിടൽ നടത്തുകയും ഇപ്പോൾ വയൽ ഒഴിവാക്കി വീടുകൾ അധികമായി പോകുന്ന രീതിയിൽ കല്ലുകൾ സ്ഥാപിക്കുകയാണെന്ന് നാട്ടുകാർ പറഞ്ഞു. പ്രതിഷേധം കടുത്തതോടെ ഡെപ്യൂട്ടി കളക്ടറും, പോലീസും, തഹസിൽദാറും ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർ സ്ഥലത്തെത്തി ജനങ്ങളുമായി ചർച്ച നടത്തി. തുടർന്ന് മറ്റ് പരാതികൾ പിന്നീട് പരിഹരിക്കാമെന്നും പറഞ്ഞ് കല്ലിടൽ നടത്തി അവർ മടങ്ങുകയും ചെയ്തു. ഇലക്ഷൻ തെരഞ്ഞെടുപ്പിൽ ബൈപാസിന്റെ പദ്ധതി മുങ്ങി പോകില്ലെന്നാണ് ഉദ്യോഗസ്ഥർ വ്യക്തമാക്കിയത്. മുൻപുണ്ടായിരുന്ന പോലൊരു കാലതാമസം ഇനി ഉണ്ടാകില്ലെന്നും ബൈപ്പാസിന്റെ പ്രവർത്തനങ്ങൾ തുടർച്ചയായി ഉണ്ടാകുമെന്നും അവർ അറിയിച്ചു. എന്നാൽ 2009ൽ കല്ലിട്ട പ്രകാരം മിച്ചഭൂമിയിൽ വീടും മറ്റും വെച്ച് താമസമാക്കിയവർ ഉയർന്ന തലങ്ങളിലേക്ക് പരാതി നൽകാൻ ഒരുങ്ങുകയാണ്.