വരൾച്ചാ പ്രതിരോധം, ആറ്റിങ്ങൽ നിയോജക മണ്ഡലത്തിൽ അവലോകന യോഗം ചേർന്നു

ആറ്റിങ്ങൽ : തീവ്രമായ വേനൽ അത്യുഷ്ണവും, വർൾച്ചയും, സൃഷ്ടിക്കുമെന്ന മുന്നറിയിപ്പിന്റെ അടിസ്ഥാനത്തിൽ ആറ്റിങ്ങൽ നിയോജക മണ്ഡലത്തിൽ സുഗമവും ,കുറ്റമറ്റതുമായ ശുദ്ധജല വിതരണം ഉറപ്പാക്കാനായി അഡ്വ: ബി.സത്യൻ എം.എൽ.എ യുടെ അധ്യക്ഷതയിൽ അവലോകന യോഗം ചേർന്നു. ആറ്റിങ്ങൽ മിനി സിവിൽ സ്റ്റേഷനിലാണ് യോഗം ചേർന്നത്. ജല ലഭ്യത ഉറപ്പാക്കേണ്ട അടിയന്തര സാഹചര്യം പരിഗണിച്ച് അതീവ ജാഗ്രതയോടെ 24 മണിക്കൂറും ജല വിതരണ മാർഗ്ഗങ്ങൾ പ്രവർത്തിപ്പിക്കാൻ യോഗം തീരുമാനിച്ചു.മണ്ഡലത്തിലെ 3 കേന്ദ്രങ്ങളിലായി സമീപ പഞ്ചായത്തുകളിലെ ജനപ്രതിനിധികളെയും ഉദ്യോഗസ്ഥരെയും വിളിച്ചു ചേർത്ത് സ്ഥിതി ഗതികൾ അവലോകനം ചെയ്തു നടപടികൾ കൈക്കൊള്ളും. നഗരസഭാ ചെയർമാൻ എം. പ്രദീപ്, ഗ്രാമ പഞ്ചായത്ത് പ്രസിഡൻറുമാരായ എം.രഘു, നവപ്രകാശ്, എസ്.സുഭാഷ്, സിന്ധു, ഐ.എസ്. ദീപ തഹസിൽദാർ നിർമ്മൽ കുമാർ, വാട്ടർ അതോറിറ്റി എക്സി.എഞ്ചിനീയർ എച്ച്. ലക്ഷ്മി, വാട്ടർ അതോറിറ്റി, റവന്യൂ ,പഞ്ചായത്ത് വകുപ്പ് അധികൃതരും പങ്കെടുത്തു.