ആറ്റിങ്ങലിൽ ഐടിഐ വിദ്യാർത്ഥികൾക്ക് സൗജന്യ അപകട ഇൻഷുറൻസ് പദ്ധതി

ആറ്റിങ്ങൽ: ഐടിഐ വിദ്യാർത്ഥികൾക്ക് ഒരു ലക്ഷം രൂപ പരിരക്ഷ ലഭിക്കുന്ന സൗജന്യ  അപകട ഇൻഷുറൻസ് പദ്ധതി. വിദ്യാർത്ഥികളുടെ വ്യക്തിത്വവികസനം ലക്ഷ്യമിട്ട് നടപ്പിലാക്കുന്ന സൗജന്യ എംപ്ലോയബിലിറ്റി സ്കിൽ ഡവലപ്പ്മെന്റ‌് പ്രോഗ്രാം എന്നിവയുടെ സംസ്ഥാനതല ഉദ്ഘാടനം  ഡോ.എ സമ്പത്ത് എംപി നിർവ്വഹിച്ചു. ആറ്റിങ്ങൽ ഐടിഐ അങ്കണത്തിൽ നടന്ന ചടങ്ങിൽ അഡ്വ.ബി സത്യൻ എം.എൽ.എ അധ്യക്ഷനായി. നഗരസഭ ചെയർമാൻ എം പ്രദീപ്, വികസന സ്ഥിരം സമിതി അധ്യക്ഷൻ ആർ രാജു, കൗൺസിലർ ശ്രീലത, പ്രിൻസിപ്പൽ ഷിഖാൻ, പിടിഎ പ്രസിഡന്റ് ആനന്ദ്, പി കെ ഇന്ദിര, ജെ സുജാത എന്നിവർ സംസാരിച്ചു. ചടങ്ങിൽ ഐടിഐകളുടെ അന്താരാഷ്ട്ര മാനദണ്ഡമനുസരിച്ചുള്ള ഭൗതിക, സാങ്കേതിക അക്കാദമിക് നിലവാരങ്ങൾ അടിസ്ഥാനമാക്കിയുള്ള ഗ്രേഡിംഗിൽ മികച്ച സ്ഥാനങ്ങൾ നേടിയ ഐടിഐകൾക്കുള്ള അവാർഡുകളും വിതരണം ചെയ്തു. വ്യാവസായിക വകുപ്പ് പരിശീലന ഡയറക്ടർ ചന്ദ്രശേഖരൻ സ്വാഗതവും വ്യാവസായിക പരിശീലന വകുപ്പ് സ്പെഷ്യൽ ഓഫീസർ കെ എസ് ധർമ്മരാജൻ നന്ദിയും പറഞ്ഞു. തൊഴിൽ നൈപുണ്യപരിശീലനത്തിന്  അവസരങ്ങൾ വർധിപ്പിച്ച് പരിശീലനകേന്ദ്രങ്ങളെ അന്താരാഷ്ട നിലവാരത്തിലേക്ക് ഉയർത്തുന്നതിനും ഗുണപരമായ മാറ്റങ്ങൾ തൊഴിൽ നൈപുണ്യ പരിശീലന രംഗത്ത് വരുത്തുന്നതിനും പരിശീലനാർത്ഥികളുടെ വ്യക്തിത്വവികസനവും ലക്ഷ്യമിട്ടാണ‌് പദ്ധതികൾ ഒരുക്കിയിരിക്കുന്നത‌്.