ആറ്റിങ്ങലിലെ എന്‍ഡിഎയുടെ വിജയം തടയാന്‍ സിപിഎം ആഭ്യന്തര വകുപ്പിനെ ഉപയോഗിക്കുന്നു; ശോഭ സുരേന്ദ്രന്‍

ആറ്റിങ്ങല്‍: ആറ്റിങ്ങല്‍ പാര്‍ലമെന്റില്‍ എന്‍ഡിഎയുടെ വിജയ സാധ്യത മണത്തറിഞ്ഞ സിപിഎം ആഭ്യന്തര വകുപ്പിനെ ഉപയോഗിച്ച് പ്രവര്‍ത്തകരെയും തന്നെയും കേസുകളില്‍ തളച്ചിടാന്‍ ശ്രമിക്കുന്നെന്ന് ആറ്റിങ്ങല്‍ ബിജെപി സ്ഥാനാര്‍ത്ഥി ശോഭാസുരേന്ദ്രന്‍ പ്രസ്ഥാപിച്ചു. പൊതു പ്രശ്‌നങ്ങളില്‍ ഇടപെട്ട് നടത്തിയ പ്രക്ഷോഭങ്ങളുടെ കേസ്സുകള്‍ തെരഞ്ഞെടുപ്പിന്റെ സമയങ്ങളില്‍ കുത്തിപ്പൊക്കി പ്രചാരണത്തിന് പോകാന്‍ അനുവദിക്കാതെ കോടതികളില്‍ ജാമ്യം തേടേണ്ട അവസ്ഥയിലാണ്.

തെരഞ്ഞെടുപ്പ് പ്രചാരണവേളയില്‍ പാലിയേക്കര ടോള്‍ സമരത്തിന്റെ പേരില്‍ തൃശ്ശൂര്‍ കോടതിയില്‍ നിന്നും പൊന്നാനി കോടതിയിലുള്ള കേസ്സ് മജിസ്‌ട്രേട്ട് ലീവായതിനാല്‍ പെരുന്തല്‍മണ്ണ കോടതിയില്‍ നിന്നും ഭീകരവാദ കേസ്സില്‍ അന്വേഷണം ആവശ്യപ്പെട്ട കേസ്സില്‍ ഒറ്റപ്പാലം കോടതിയില്‍ നിന്നും അടുത്തടുത്ത ദിവസങ്ങളില്‍ ജാമ്യം തേടേണ്ട അവസ്ഥയിലായിരുന്നു. സ്ത്രീശാക്തീകരണത്തിന്റെ വക്താക്കളെന്ന് സ്വയം അവകാശപ്പെടുന്ന സിപിഎം സ്ത്രീ എന്ന പരിഗണനപോലും നല്‍കാതെ കോടതികളില്‍ നിന്നും കോടതികളിലേക്ക് ഓടിക്കുകയാണെന്ന് ശോഭ പറഞ്ഞു.
ആറ്റിങ്ങല്‍ മണ്ഡലത്തിലെ പ്രവര്‍ത്തകരോടും സിപിഎം ഇതേ നയമാണ് സ്വീകരിച്ചിരിക്കുന്നത്. ആറ്റിങ്ങലില്‍ സ്വകാര്യ വ്യക്തിയുടെ മതിലില്‍ ഒട്ടിച്ചിരുന്ന ബിജെപി പോസ്റ്ററുകള്‍ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനെ ഉപയോഗിച്ച് നിയമ വിരുദ്ധമായി നശിപ്പിച്ചു. നാട്ടുകാര്‍ ചോദ്യം ചെയ്തപ്പോള്‍ ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ കള്ളക്കേസ് എടുത്ത് ജയിലില്‍ അടച്ചു. പ്രചാരണത്തിനിറങ്ങുന്ന പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യുമെന്ന് ഭീഷണി മുഴക്കി പിന്‍തിരിപ്പിക്കാന്‍ ശ്രമിക്കുകയാണ്. കഴിഞ്ഞ ദിവസം രാത്രി അരുവിക്കര മണ്ഡലത്തില്‍ ഉഴമലയ്ക്കല്‍ പഞ്ചായത്തിലെ പോസ്റ്ററുകളും ബാനറുകളും സാമൂഹ്യവിരുദ്ധര്‍ കത്തിച്ചു.
ആറ്റിങ്ങലിലെ ബിജെപിയുടെ വിജയത്തെ ഭയക്കുന്ന ഇടതു-വലതു മുന്നണികള്‍ ബിജെപി പ്രവര്‍ത്തകരെ പ്രകോപിപ്പിച്ച് കള്ളക്കേസ്സില്‍ കുരുക്കാനാണ് ശ്രമിക്കുന്നത്. അടവുകളും ഭീഷണികളും കൊണ്ട് ജനഹൃദയങ്ങളില്‍ നിന്നും തന്നെ മാറ്റുവാന്‍ സാധിക്കില്ലെന്ന് ശോഭാ സുരേന്ദ്രന്‍ അറിയിച്ചു.