സൂര്യ കൊലക്കേസ്, വിവാഹാലോചനയാണോ കൊലപാതകത്തിൽ കലാശിച്ചത്? സാക്ഷി മൊഴി ഇങ്ങനെ…

ആറ്റിങ്ങൽ : വെഞ്ഞാറമൂട് സ്വകാര്യ ആശുപത്രി ജീവനക്കാരി പാലാംകോണം സൂര്യ ഭവനിൽ സൂര്യ എസ്. നായരെ വെട്ടി കൊലപ്പെടുത്തുന്നതിന് രണ്ട് ദിവസം മുൻപ് പ്രതി വെഞ്ഞാറമൂട് ഷെെജു ഭവനിൽ ഷെെജു എന്ന നന്ദു സൂര്യയെ വിവാഹം ചെയ്യണം എന്ന ആഗ്രഹം പ്രകടിപ്പിച്ച് വീട്ടിൽ വന്നിരുന്നെന്ന് സാക്ഷി. സാക്ഷി കോടതിയിൽ പ്രതിയെ തിരിച്ചറിഞ്ഞു. സൂര്യയുടെ സഹോദരൻ സൂരജാണ് പ്രതിയെ തിരിച്ചറിഞ്ഞ് ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ മൊഴി നൽകിയത്.

പ്രതി വാഹനാപകടത്തിൽ പരിക്കേറ്റ് സൂര്യ ജോലി ചെയ്യുന്ന ആശുപത്രിയിൽ ചികിത്സ തേടിയിരുന്ന കാലം മുതൽ പ്രതിക്ക് സൂര്യയെ പരിചയമുണ്ട്. പ്രതിയുടെ അമ്മ ആദ്യം വിവാഹ ആലോചനയുമായി എത്തിയെങ്കിലും വീട്ടുകാർ എതിർത്തു. സൂര്യ കൊല്ലപ്പെടുന്നതിന് ദിവസങ്ങൾക്ക് മുൻപ് പ്രതി വീട്ടിൽ വിവാഹ ആലോചനയുമായി എത്തിയപ്പോഴും സൂര്യ അയാളോട് വീട്ടിൽ നിന്ന് ഇറങ്ങിപ്പോകാൻ പറ‌ഞ്ഞു. വിദ്യാഭ്യാസ ലോൺ എടുത്ത് പഠിച്ചതിനാൽ ബാദ്ധ്യതകൾ തീരുന്നതുവരെ വിവാഹം വേണ്ടെന്നായിരുന്നു സൂര്യയുടെ തീരുമാനം എന്നും സാക്ഷി കോടതിയെ അറിയിച്ചു.
സഹോദരിക്ക് അപകടം പറ്റിയെന്നറിഞ്ഞ് ആറ്റിങ്ങൽ പൊലീസ് സ്റ്റേഷനിൽ എത്തിയപ്പോൾ, സഹോദരിയെ ഷൈജു വെട്ടി കൊലപ്പെടുത്തി എന്നും മൃതദേഹം ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിൽ കൊണ്ടു പോയതായും അറിഞ്ഞു. അവിടെ എത്തി സൂര്യയെ തിരിച്ചറിഞ്ഞത് താനാണെന്നും സാക്ഷി കോടതിയെ അറിയിച്ചു. സൂര്യ സംഭവ ദിവസം ധരിച്ചിരുന്ന വസ്ത്രങ്ങൾ, ചെരുപ്പ്, വാച്ച്, പഴ്സ്, ഉപയോഗിച്ചിരുന്ന മൊബെെൽ ഫോൺ എന്നിവ സൂരജ് കോടതിയിൽ വച്ച് കണ്ട് തിരിച്ചറിഞ്ഞു. വെട്ടേറ്റ് സൂര്യ രക്തത്തിൽ കുളിച്ച് കിടക്കുന്നത് കണ്ടതായി സെക്യൂരിറ്രി ജീവനക്കാരനായ എ.എസ്. കുമാറും കോടതിയെ അറിയിച്ചു.

2016 ജനുവരി 27 ന് രാവിലെ 10 മണിക്കാണ് ആറ്റിങ്ങൽ കെ.എസ്.ആർ.ടി.സി ബസ് സ്റ്രാൻഡിന് സമീപമുള്ള ഇടവഴിയിൽ വച്ച് പ്രതി സൂര്യയെ വെട്ടി കൊലപ്പെടുത്തിയത്. അവിടെ നിന്നു രക്ഷപ്പെട്ട പ്രതി കൊല്ലത്ത് എത്തി ലോഡ്ജിൽ മുറിയെടുത്ത് കെെഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്കും ശ്രമിച്ചിരുന്നു.