ഉച്ചഭക്ഷണത്തിനാവശ്യമായ കോഴിമുട്ട സ്കൂളിൽ കിട്ടും, അവനവഞ്ചേരി ഗവ.ഹൈസ്കൂൾ ഒരു മാതൃക

ആറ്റിങ്ങൽ : അവനവഞ്ചേരി ഗവ.ഹൈസ്കൂളിലെ ആനിമൽ വെൽഫെയർ ക്ലബിന്റെ നേതൃത്വത്തിൽ സ്കൂൾ ഉച്ചഭക്ഷണത്തിനാവശ്യമായ കോഴിമുട്ട സംഭാവന ചെയ്തു. മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തിൽ ക്ലബിലെ അംഗങ്ങളായ 80 കുട്ടികൾക്ക് അഞ്ച് കോഴിക്കുഞ്ഞുങ്ങളെ വീതം നൽകിയിരുന്നു. നന്നായി പരിപാലിച്ചു വളർത്തിയ ആ കോഴികൾ മുട്ടയിട്ടു തുടങ്ങിയപ്പോൾ സ്കൂളിലെ മുഴുവൻ കുട്ടികൾക്കും അതിന്റെ പ്രയോജനം ലഭിക്കണമെന്ന ക്ലബംഗങ്ങളുടെ ചിന്തയാണ് ഇങ്ങനെയൊരു പദ്ധതിയുടെ തുടക്കം.

എല്ലാ മാസത്തിലും ഒരു ദിവസം ആനിമൽവെൽഫെയർ ക്ലബിലെ കുട്ടികൾ കൊണ്ടുവരുന്ന മുട്ടകൾ സ്കൂൾ ഉച്ചഭക്ഷണത്തിലുൾപ്പെടുത്തി എല്ലാ കൂട്ടുകാരുടേയും ചോറ്റുപാത്രത്തിലെത്തിക്കാനാണ് തീരുമാനം. കഴിഞ്ഞ ദിവസം ക്ലബംഗങ്ങൾ കൊണ്ടു വന്ന കോഴിമുട്ടകൾ സ്കൂൾ ഹെഡ്മിസ്ട്രസിന് കൈമാറി. വളർത്തുമൃഗങ്ങളേയും പക്ഷികളേയും പരിപാലിക്കുന്നതിലൂടെ ലഭിക്കുന്ന ഗുണമേൻമയുള്ള ഉൽപ്പന്നം മറ്റു സഹപാഠികൾക്കുമായി പങ്കു വയ്ക്കാൻ കാണിക്കുന്ന മനസ്സ് മുതിർന്നവർക്കും മാതൃകയാണ്. അവനവഞ്ചേരി സ്കൂളിലെ കുട്ടികളുടെ നേതൃത്വത്തിൽ കൃഷി ചെയ്ത് ഉൽപ്പാദിപ്പിക്കുന്ന വിഷരഹിതപച്ചക്കറിക്കു പുറമേ ഈ പദ്ധതിയിലൂടെ ഉച്ചഭക്ഷണത്തിനാവശ്യമായ ഗുണമേൻമയുള്ള കോഴിമുട്ടയും കുട്ടികൾ തന്നെ സ്കൂളിലെത്തിക്കുന്നതിലൂടെ സ്കൂൾ മികച്ച മാതൃകയാണ് സൃഷ്ടിച്ചിരിക്കുന്നത്.