പക്ഷികൾക്ക് കുടിനീരൊരുക്കി അവനവഞ്ചേരി ഗവ.ഹൈസ്കൂൾ

അവനവഞ്ചേരി : വേനൽ കടുത്തതോടെ പക്ഷികൾക്ക് ദാഹമകറ്റാൻ കുടിവെള്ളത്തിനുള്ള സൗകര്യം ഒരുക്കി അവനവഞ്ചേരി ഗവ. ഹൈസ്കൂളിലെ നല്ല പാഠം പ്രവർത്തകരായ സ്റ്റുഡൻറ് പോലീസ് കേഡറ്റുകൾ. ‘തണ്ണീർപന്തൽ’ എന്ന് പേരിട്ടിരിക്കുന്ന ഈ പദ്ധതിയുടെ ഭാഗമായി സ്കൂളിന്റെ വിവിധ ഭാഗങ്ങളിലെ മരച്ചില്ലകളിൽ മൺചട്ടികളിൽ ജലം നിറച്ച് സ്ഥാപിച്ചാണ് കുട്ടികൾ പക്ഷികൾക്ക് കുടിനീരൊരുക്കുന്നത്. കടുത്ത വേനലിൽ കുടിവെള്ളം കിട്ടാതെ പക്ഷികൾ ചത്തൊടുങ്ങുന്നു എന്ന വാർത്തയാണ് കുട്ടികളെ ഇങ്ങനെയൊരു ഉദ്യമത്തിന് പ്രേരിപ്പിച്ചത്. മുഴുവൻ കുട്ടികളുടേയും വീടുകളിലും ‘തണ്ണീർ പന്തൽ’ ഒരുക്കാനുള്ള ശ്രമത്തിലാണ് കുട്ടികൾ. ഇതു വഴി സമൂഹത്തിനാകെ ബോധവൽക്കരണവും കുട്ടികൾ ലക്ഷ്യമിടുന്നു.