അയിരൂരിൽ യുവാവിനെ വീട് കയറി വെട്ടിപ്പരിക്കേൽപ്പിച്ചെന്ന് പരാതി

അയിരൂർ: അയിരൂരിൽ യുവാവിനെ വീട് കയറി വെട്ടിപ്പരിക്കേൽപ്പിച്ചതായി പരാതി. അയിരൂർ ചാരുംകുഴിയിൽ ഷംസീറിനെയാണ് കഴിഞ്ഞ ദിവസം രാത്രി ഒമ്പതരയോടെ ഒരുസംഘം വീടുകയറി ആക്രമിച്ചത്. ഷംസീറിന്റെ തലയ്ക്കു വെട്ടേൽപ്പിക്കുകയായിരുന്നത്രെ. അടുത്തിടെ ചാരുംകുഴിയിൽ യുവാവിനെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയതിനെത്തുടർന്ന് കോളനി പ്രദേശത്ത് നിരന്തരമായി കമ്മിറ്റികൾ കൂടുകയും സംഘർഷാവസ്ഥ നിലനിൽക്കുകയുമായിരുന്നെന്ന് പ്രദേശവാസികൾ പറയുന്നു. ഷംസീറിനെ അയിരൂർ പോലീസെത്തി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പോലീസ് അന്വേഷണം ആരംഭിച്ചു.