വിവാഹാഭ്യർത്ഥന നിരസിച്ച പെൺകുട്ടിയെ നടു റോഡിൽ പെട്രോളൊഴിച്ച് തീ കൊളുത്തി

തിരുവല്ല : വിവാഹാഭ്യർഥന നിരസിച്ചതിന് യുവാവ് പെൺകുട്ടിയെ നടുറോഡിൽ വെച്ച് പെട്രോൾ ഒഴിച്ച് തീകൊളുത്തി. ചൊവ്വാഴ്ച രാവിലെ ഒമ്പത് മണിയോടു കൂടി തിരുവല്ല ചിലങ്ക ജങ്ഷനിലാണ് സംഭവം. സംഭവത്തിൽ തിരുവല്ല കുമ്പനാട് സ്വദേശി അജിൻ റെജി മാത്യു(18)വിനെ തിരുവല്ല പോലീസ് അറസ്റ്റ് ചെയ്തു.

അയിരൂർ സ്വദേശിനിയായ പെൺകുട്ടിയാണ് ആക്രമത്തിനിരയായത്. നിരവധി തവണ വിവാഹഭ്യർഥന നടത്തിയെങ്കിലും പെൺകുട്ടി നിരസിച്ചതിനെത്തുടർന്നാണ് അജിൻ അവരെ ആക്രമിച്ചതെന്നാണ് റിപ്പോർട്ട്. രാവിലെ ബൈക്കിൽ രണ്ടു കുപ്പി പെട്രോളുമായി പെൺകുട്ടി പഠിക്കുന്ന സ്ഥാപനത്തിനു സമീപത്തെ ബസ് സ്റ്റോപ്പിൽ തടഞ്ഞ് നിർത്തിയാണ് തീ കൊളുത്തിയത്.

നാട്ടുകാരാണ് പെൺകുട്ടിയെ ആശുപത്രിയിലെത്തിച്ചത്. പുഷ്പഗിരി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ച പെൺകുട്ടിയുടെ നില അതീവ ഗുരുതരമാണ്. തിരുവല്ലയിലെ സ്വകാര്യ സ്ഥാപനത്തിലെ വിദ്യാർഥിനിയാണ്.