അഴൂരിൽ ലഹരിമാഫിയയുടെ അഴിഞ്ഞാട്ടം – മൂന്നുപേർക്കു വെട്ടേറ്റു.

അഴൂർ: അഴൂരിൽ ലഹരിമാഫിയയുടെ ആക്രമണത്തിൽ മൂന്നുപേർക്കു വെട്ടേറ്റു. അഴൂർ കോളിച്ചിറ തൊടിയിൽ വീട്ടിൽ കണ്ണൻ, ഇയാളുടെ സഹോദരൻ ഉണ്ണി, ബന്ധുവായ ഗിരിജ എന്നിവരെയാണ് ലഹരിവില്പനസംഘം ആക്രമിച്ചത്. ഏഴോളം പേർ ചേർന്നാണ് ഇവരെ മാരകായുധങ്ങളുമായി ആക്രമിച്ചത്. ഇവരെ തടയാൻ ശ്രമിച്ച മൂന്നുപേരെ സംഘം മർദിച്ച് അവശരാക്കി. സംഘത്തിന്റെ വെട്ടേറ്റ ഗിരിജയുടെ ഭർത്താവ് മോഹനൻ, കണ്ണന്റെ ഭാര്യയും ഗർഭിണിയുമായ മീര, ഇവരുടെ അമ്മ ഉഷ എന്നിവർക്കാണ് മർദനമേറ്റത്. ലഹരിവില്പന നടത്തുന്ന സംഘത്തിനെതിരേ പോലീസിൽ പരാതി നൽകിയതിലുള്ള വൈരാഗ്യമാണ് ആക്രമണത്തിനു കാരണമെന്ന് പോലീസ് പറഞ്ഞു. സംഭവത്തിൽ ഉൾപ്പെട്ട രണ്ടുപേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കോളിച്ചിറ സ്വദേശികളായ കണ്ണൻ, അനീഷ് എന്നിവരാണ് പിടിയിലായത്. മറ്റുള്ളവർ ഒളിവിലാണ്. അഴൂർ കോളിച്ചിറയിൽ കഴിഞ്ഞ ദിവസമാണ് സംഭവം. പ്രദേശത്തു നടക്കുന്ന കഞ്ചാവുവില്പനയ്ക്കു തടയിടാൻ യുവാക്കളായ ചിലർ സംഘടിതമായി ശ്രമിച്ചിരുന്നു. ഇതുസംബന്ധിച്ച് ഇവർ പോലീസിലും പരാതി നൽകിയിരുന്നു. ഇതിന്റെ വൈരാഗ്യത്തിൽ രണ്ടു മാസം മുൻപ്‌ അനന്ദു എന്ന യുവാവിനെ സംഘം വെട്ടിപ്പരിക്കേല്പിച്ചിരുന്നു. തുടർന്ന് നാട്ടുകാർ നൽകിയ പരാതിയിൽ സംഘാംഗങ്ങളെ പോലീസ് അറസ്റ്റുചെയ്തിരുന്നു.

പരാതിയെത്തുടർന്നുള്ള വൈരാഗ്യത്താലാണ്‌ വീണ്ടും യുവാക്കളെ സംഘം തിരഞ്ഞുപിടിച്ച്‌ ആക്രമിച്ചത്. കഴിഞ്ഞ ദിവസം കണ്ണൻ സഞ്ചരിച്ചിരുന്ന ബൈക്ക് തടഞ്ഞ് ഇയാളെ ചവിട്ടിവീഴ്ത്തി കഴുത്തിൽ വെട്ടുകയായിരുന്നു. ജീവൻ രക്ഷിക്കാനായി യുവാവ് ബന്ധുവായ ഗിരിജയുടെ വീട്ടിൽ ഓടിക്കയറി. പിന്നാലെയെത്തിയ അക്രമിസംഘം ഗിരിജയുടെ വീടിന്റെ കതക് തല്ലിപ്പൊളിച്ച് അകത്തുകയറി കണ്ണനെ തുരുതുരാ വെട്ടി. തടയാൻ ശ്രമിച്ചപ്പോഴാണ് ഗിരിജയുടെ കൈവിരലിനു വെട്ടേറ്റത്. കണ്ണനെ ആക്രമിക്കുന്നത് അറിഞ്ഞെത്തിയ അനുജൻ ഉണ്ണിയെയും അക്രമിസംഘം വെട്ടിപ്പരിക്കേല്പിച്ചു.

സംഭവം അറിഞ്ഞെത്തിയ കണ്ണന്റെ ഗർഭിണിയായ ഭാര്യയെയും അമ്മയെയും ഗിരിജയുടെ ഭർത്താവിനെയും സംഘം മർദിച്ചു. അരമണിക്കൂറോളം അഴിഞ്ഞാടിയ ശേഷമാണ് സംഘം സ്ഥലംവിട്ടത്.

ബൈക്കിലാണ് അക്രമികൾ എത്തിയത്. കഴുത്തിലും മുതുകിലും കണങ്കാലിലുമായി കണ്ണന് ഏഴോളം വെട്ടേറ്റു. ഉണ്ണിയുടെ കാലിലും ഗിരിജയുടെ വലതു കൈപ്പത്തിയിലെ വിരലിലുമാണ് പരിക്ക്. ആക്രമണത്തെത്തുടർന്ന് ഇവർ മെഡിക്കൽ കോളേജ്‌ ആശുപത്രിയിൽ ചികിത്സതേടി. ചിറയിൻകീഴ് പോലീസ് ഇവരുടെ മൊഴിയെടുത്തു.