അഴൂ‌ർ ഭഗവതി ക്ഷേത്രത്തിലെ മീന കാർത്തിക മഹോത്സവത്തിന് കൊടിയേറി

അഴൂർ : ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ അഴൂ‌ർ ഭഗവതി ക്ഷേത്രത്തിലെ മീന കാർത്തിക മഹോത്സവത്തിന് കൊടിയേറി. ക്ഷേത്ര തന്ത്രി എരമല്ലൂർ ഉഷേന്ദ്രൻ തന്ത്രികളുടെയും മേൽശാന്തി രാജേഷ് പോറ്റിയുടെയും മുഖ്യകാർമികത്വത്തിലാണ് തൃക്കൊടിയേറ്റ് നടന്നത്. തുടർന്ന് നടന്ന സമൂഹ പൊങ്കാലയിൽ ആയിരങ്ങൾ അഴൂർ അമ്മയ്ക്ക് പൊങ്കാല സമർപ്പിച്ചു. ക്ഷേത്ര തന്ത്രി 9.15ന് പണ്ടാര അടുപ്പിൽ പകർന്ന തീ മറ്റ് അടുപ്പുകളിലേക്ക് പകർന്നപ്പോൾ ക്ഷേത്ര പരിസരം യാഗശാലയായി. 11ന് പൊങ്കാല നിവേദ്യം നടത്തി. ക്ഷേത്ര പരിസരത്തിന് പുറമെ അഴൂർ റെയിൽവേ ഗേറ്റ് റോഡ്, വൃദ്ധസദനം റോഡ് എന്നിവിടങ്ങളിലും പൊങ്കാല ഇട്ടു.
ഏപ്രിൽ 9ന് നടക്കുന്ന ഗരുഡൻ തൂക്കം, ആറാട്ട് എന്നിവയോടെ മീന കാർത്തിക മഹോത്സവത്തിന് സമാപനം കുറിക്കും. ക്ഷേത്രത്തിൽ ഇന്ന് പതിവ് പൂജകൾക്ക് പുറമേ രാവിലെ 5ന് മഹാഗണപതി ഹവനം, 6ന് പ്രഭാത പൂജ, സോപാന പൂജ, ശ്രീഭൂതബലി തുടർന്ന് തോറ്റൻപാട്ട്, 8ന് നവകവും പഞ്ചഗവ്യ കലശപൂജയും 9ന് കലശാഭിഷേകം, ദ്രവ്യാഭിഷേകം, 9.30ന് പന്തീരടി പൂജ, 10ന് ഗണപതിക്കും ശാസ്താവിനും നവകവും പഞ്ചഗവ്യ കലശാഭിഷേകവും, 12ന് ഉച്ചപൂജ, തുടർന്ന് സമൂഹസദ്യ, വൈകിട്ട് 5.30ന് ഭഗവതി സേവ, കുടുംബപൂജ, 6.30ന് അലങ്കാര ദീപാരാധന, തോറ്റംപാട്ട്, 8ന് അത്താഴപൂജ, ശ്രീഭൂതബലി, മംഗളാരതി, രാത്രി 9ന് ആറ്റിങ്ങൽ ലിറ്റിൽ വോയ്സിന്റെ ബേബി മിഷാൽ നയിക്കുന്ന കുട്ടി ഗാനമേള എന്നിവ നടക്കും.