അമ്മ അറിഞ്ഞില്ല മകൻ മരിച്ചത്, 4 ദിവസം വീട്ടിനുള്ളിൽ..

ആര്യനാട്: മകൻ മരിച്ചതറിയാതെ മാതാവ് വീട്ടിനുള്ളിൽ കഴിഞ്ഞത് നാലുദിവസം. പൊലീസ് പരിശോധനയിൽ മകനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കാനക്കുഴി കുരുവിയോട് കിഴക്കുംക‌ര‌ വീട്ടിൽ പരേതനായ ഫ്രാൻസിസിന്റെ മകൻ അനിൽരാജ്(21) ആണ് വീടിനുള്ളിലെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കാണപ്പെട്ടത്. മുറിയുടെ വാതിൽ അകത്ത് നിന്ന് കുറ്റിയിട്ടിരുന്നു. മാതാവ് അനിത പലതവണ വിളിച്ചിട്ടും തട്ടി നോക്കിയിട്ടും വാതിൽ തുറന്നില്ല.തുടർന്ന് അനിത രണ്ടുദിവസമായി ആഹാരവും പാകം ചെയ്തില്ല. ദുർഗന്ധം സഹിക്കാനാവാതെ, സമീപവാസികൾ വിവരം അറിയിച്ചതോടെയാണ് പൊലീസ് എത്തി വാതിൽ തുറന്നത്. ജീർണിച്ച് പുഴുവരിച്ച നിലയിലായിരുന്നു മ്യതദേഹം. നാലുദിവസം മുൻപാണ് മകൻ മുറിക്കുള്ളിൽ കയറി കതകടച്ചതെന്ന് മാതാവ് പറഞ്ഞതായി പൊലീസ് അറിയിച്ചു.  മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ. അനിതയ്ക്ക് മാനസിക അസ്വാസ്ഥ്യമുണ്ടെന്ന് പൊലീസ് അറിയിച്ചു. സഹോദരി അജിതാരാജ് പാറശാലയിൽ കോൺവെന്റിൽ താമസിച്ചു പഠിക്കുകയാണ്.