പളളി കോമ്പൗണ്ടിൽ കൃഷി, വിളവിൽ നൂറ്

കാട്ടാക്കട: പളളി കോമ്പൗണ്ടിൽ കാബേജ് കൃഷിയിൽ നൂറുമേനി വിളവെടുത്ത് കുളവുപാറ സെന്റ് ജോർജ്ജ് ഇടവക വികാരിയായ ഫാ. ഡെന്നിസ് മണ്ണൂർ. ശീതകാല പച്ചക്കറിയായ കാബേജിനെ കടുത്ത വേനലെത്തും മുമ്പ് വിളവെടുത്തു. കാർഷിക മേഖലയെ ഏറെ സ്നേഹിക്കുകയും കർഷകരെ പ്രോത്സാപ്പിക്കുകയും ചെയ്യുന്ന അച്ചൻ കഴിഞ്ഞ സെപ്തംബറിൽ ഇടവകയിൽ ചാർജ്ജെടുത്തതോടെ കാബേജ് കൃഷി ആരംഭിക്കുകയായിരുന്നു. ഇദ്ദേഹം സേവനം ചെയ്യുന്ന ഇടവകകളിലെല്ലാം കൃഷിക്ക് നല്ല മാതൃകകൾ നൽകിയിട്ണ്ട്. ശീതകാല പച്ചക്കറികളായ കോളിഫ്ളവർ കാബേജ് തുടങ്ങിയവ ആര്യനാട് ഫൊറോന വികാരിയായിരിക്കുന്ന കാലത്ത് ആര്യനാട്ടെ പളളിമേടക്ക് സമീപം കൃഷിചെയ്ത് ചരിത്രം സൃഷ്ടിച്ചിട്ടുണ്ട്. കുളവുപാറയിൽ ലാറ്റിൻ കാത്തലിക് യൂത്ത് മൂവ് മെന്റിന്റെയും നിഡ്സിന്റെയും സഹകരണത്തോടെയാണ് കൃഷിനടത്തിയത്. വിളവെടുത്ത കാബേജ് പളളിയിൽ തന്നെ ലേലം ചെയ്യും. മണ്ണൂരച്ചന്റെ കൃഷി കാണാൻ കഴിഞ്ഞ ദിവസം പൂവച്ചൽ കൃഷി ഓഫീസറും സംഘവും എത്തിയിരുന്നു. നെയ്യാറ്റിൻകര രൂപതയിലെ സാമൂഹ്യ സംഘടനയായ നിഡ്സിന് കീഴിലെ ആരോഗ്യ മദ്യ വർജ്ജന കമ്മിഷൻ സെക്രട്ടറിയും ബോണക്കാട് കുരിശുമല റെക്ടറുമാണ് ഫാ.ഡെന്നിസ് മണ്ണൂർ.