ചെല്ലഞ്ചി മുണ്ടകൽ പാടത്ത് നൂറുമേനി

നന്ദിയോട്: വിത്തിറക്കാൻ വൈകിയിട്ടും ചെല്ലഞ്ചിയിലെ മുണ്ടകൽ പാടത്ത് ഇക്കുറി നൂറുമേനി വിളഞ്ഞു. കർഷകരുടെയും ഗ്രാമപഞ്ചായത്ത് അധികൃതരുടെയും കൃഷിഭവൻ ഉദ്യോഗസ്ഥരുടെയും കൂട്ടായ പരിശ്രമമാണ് നെൽകൃഷിക്ക് തുണയായത്. സീസൺ കഴിയാറായിട്ടും വിത്തിറക്കാൻ വൈകുന്നത് ഏറെ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. നന്ദിയോട് ഗ്രാമ പഞ്ചായത്ത് വികസന കാര്യ സ്ഥിരം സമിതി ചെയർമാൻ കൂടിയായ ജി.ആർ. പ്രസാദിന്റെ നേതൃത്വത്തിലായിരുന്നു ഇത്തവണ മൂന്നു ഹെക്റ്റർ പ്രദേശത്ത് നെൽകൃഷി നടത്തിയത്. വൈകി വിത്തിറക്കിയ മുണ്ടകൻ കൃഷിയിൽ കാലാവസ്ഥ ഒരു പരിധി വരെ അനുകൂലമായതിനാൽ മികച്ച വിളവുണ്ടെന്ന് മുതിർന്ന കർഷകൻ രവീന്ദ്രൻ പറയുന്നു. വിതക്കും അനുബന്ധ ജോലികൾക്കുമായി 20 പേർ ഉണ്ടായിരുന്നെങ്കിലും തൊഴിലുറപ്പ് ജോലികളുമായി തിരക്കിലായതിനാൽ കൊയ്ത്തിനും മെതിക്കുമെത്തിയത് 4 പേർ മാത്രം. എന്നാൽ ജൈവ സന്ദേശനാടക പ്രവർത്തകൻ ആനകുളം സ്വദേശി ചന്തു നെല്ലടിപ്പാട്ടുമായി ഒപ്പം ചേർന്നതോടെ കൊയ്ത്തുത്സവം ആവേശമായി. നവമാധ്യമങ്ങൾ വഴിയുള്ള ജൈവ കൃഷി പ്രചരണാർഥം നന്ദിയോട് കൃഷി ഓഫീസർ എസ്. ജയകുമാറിന്റെ നേതൃത്വത്തിൽ നെല്ലടി താളവും കൊയ്ത്തുത്സവവും ക്യാമറയിൽ പകർത്തി. നോക്കെത്താ ദൂരം നീണ്ട നെൽപാടങ്ങളാൽ നിറ സമൃദ്ധമായിരുന്നു ഒരു കാലത്ത് നന്ദിയോട് പഞ്ചായത്ത്. ഇന്നത് ചെല്ലഞ്ചിയിലെ തുണ്ട് ഭൂമിയിലേക്ക് ചുരുങ്ങി കഴിഞ്ഞു. നെൽകൃഷി അന്യാധീനപ്പെടാതെ വിളവിറക്കിയ കർഷകരെയും തൊഴിലാളികളെയും പാടശേഖരസമിതി സംഘാംഗങ്ങളെയും ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ചെല്ലഞ്ചി ജി.ആർ. പ്രസാദും നന്ദിയോട് കൃഷി ഓഫീസർ എസ്. ജയകുമാറും അനുമോദിച്ചു.