ചെമ്മരുതി ഗ്രാമപഞ്ചായത്തിന് ഐ.എസ്.ഒ അംഗീകാരം

ചെമ്മരുതി: മികച്ച ഗ്രാമപഞ്ചായത്തിനുള്ള സ്വരാജ് ട്രോഫി നേടിയ ചെമ്മരുതി ഗ്രാമപഞ്ചായത്തിന് ഓഫീസ് പ്രവർത്തന മികവിനുള്ള അന്താരാഷ്ട്ര അംഗീകാരമായ ഐ.എസ്‌.ഒ 9001- 2015 ചെമ്മരുതി പഞ്ചായത്തിലെ ലഭിച്ചു. സേവനങ്ങൾ വേഗത്തിലാക്കുന്ന സംവിധാനങ്ങൾ, ഓഫീസ് റെക്കോർഡുകളുടെ ക്രമീകരണം, അടിസ്ഥാന സൗകര്യ വികസനം, ശുചിത്വ മികവ് എന്നിവ പരിഗണിച്ചാണ് അംഗീകാരം. സേവനങ്ങളുടെ വിശദാംശങ്ങളും ലഭ്യമാക്കുന്ന പരാതി പരിഹാര സംവിധാനങ്ങളുടെ വിവരങ്ങളും എളുപ്പത്തിൽ മനസിലാകുന്ന രീതിയിൽ ഓഫീസിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. ഫ്രണ്ട് ഓഫീസ് സംവിധാനം, കുടുംബശ്രീ ഹെൽപ് ഡെസ്ക്, ടി.വി, പത്രമാസികകൾ, അപേക്ഷകളും മറ്റ് സ്റ്റേഷനറി സംവിധാനങ്ങളും സജ്ജീകരിച്ചിട്ടുണ്ട്. തദ്ദേശവകുപ്പ് ഒരുക്കിയിട്ടുള്ള എല്ലാ സോഫ്റ്റ്‌വെയറുകളും പഞ്ചായത്തിൽ പ്രവർത്തന ക്ഷമമാക്കിയിട്ടുണ്ട്. ജനന-മരണ-വിവാഹ ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റുകൾ ഓൺലൈൻ മുഖേന ലഭ്യമാക്കിയിട്ടുണ്ട്. വസ്തു നികുതി ഓൺലൈൻ മുഖേന ഒടുക്കാവുന്നതാണ്. പഞ്ചായത്ത് ഓഫീസിൽ നിന്നും ലഭിക്കുന്ന വിവിധ സർട്ടിഫിക്കറ്റുകൾ ലഭിക്കുന്നതിനുള്ള സമയപരിധി കുറച്ചിട്ടുണ്ട്. ഗ്രാമപഞ്ചായത്തിന്റെ കടക സ്ഥാപനങ്ങളായ കുടുംബാരോഗ്യകേന്ദ്രം, കൃഷിഭവൻ എന്നിവയ്ക്ക് ഐ.എസ്.ഒ സർട്ടിഫിക്കേഷൻ ലഭിക്കുന്ന പ്രവർത്തനങ്ങൾ അന്തിമഘട്ടത്തിലാണെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ എ.എച്ച് സലിം, വൈസ് പ്രസിഡൻറ് കുമാരി അജി, സെക്രട്ടറി സുപിൻ.വി എന്നിവർ അറിയിച്ചു.