മരിച്ച ആത്മ മിത്രങ്ങൾ , മരവിച്ച ഒരു ഗ്രാമം !!

ചെമ്മരുതി :ചെമ്മരുതിയിൽ കുളത്തിൽ വീണ് മരിച്ച വിദ്യാർത്ഥികളുടെ മൃതദേഹം വൻ ജനാവലിയുടെ സാന്നിദ്ധ്യത്തിൽ സംസ്‌കരിച്ചു. ചെമ്മരുതി മുട്ടപ്പലം കോളനിയിൽ പ്രിയ വിലാസത്തിൽ ഷാൻ- പ്രീത ദമ്പതികളുടെ മകൻ പ്രിജിത്ത് (9), മുട്ടപ്പലം കോളനിയിൽ ചരുവിളവീട്ടിൽ രതീഷ് – ശോഭ ദമ്പതികളുടെ മകൻ രാഹുൽ (8) എന്നിവരുടെ മൃതദേഹങ്ങളാണ് ഇന്ന് വൈകുന്നേരം 5.30 ഓടെ കോളനിയിലെ പൊതുദർശനത്തിന് ശേഷം അവരവരുടെ വീടുകളിൽ സംസ്‌കരിച്ചത്. കഴിഞ്ഞ ദിവസം വൈകുന്നേരം നാലു മണിയോടെ സമീപത്തെ മുട്ടപ്പലം കോളനിയിലുള്ള ഊറ്റുകുഴികുളത്തിൽ കുളിക്കാൻ ഇറങ്ങുന്നതിനിടെയാണ് ഇരുവരും മുങ്ങിമരിച്ചത്. ശ്രീനിവാസപുരം ഗവ. എൽ.പി.എസിലെ 4-ാം ക്ലാസ് വിദ്യാർത്ഥിയായിരുന്നു പ്രിജിത്ത്. ഇതേ സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാർത്ഥിയായിരുന്നു രാഹുൽ. ഇരുവരും ആത്മമിത്രങ്ങളായിരുന്നു. മീൻ വളർത്തൽ ഇരുവർക്കും വിനോദമായിരുന്നു. വീണുമരിച്ച കുളത്തിൽ നിന്നു മീൻ തീറ്റ നൽകുന്നതിനായി പായൽ സ്വരൂപിക്കുന്നതിനും ഇവർ പോകുമായിരുന്നു. പഠനത്തിൽ ഇരുവരും മികവ് പുലർത്തിയിരുന്നു. മുട്ടപ്പലം കോളനിയിലെ കുടുംബങ്ങൾക്കെല്ലാം ഇരുവരും പ്രിയപ്പെട്ടവരായിരുന്നു. നിർദ്ധന കുടുംബമാണ് ഇരുവരുടേതും. മാതാപിതാക്കൾ കൂലിപ്പണിക്കാരാണ്. മൃതദേഹം വീട്ടിൽ എത്തിച്ചപ്പോൾ കോളനിവാസികളും സഹപാഠികളും സ്കൂളിലെ അദ്ധ്യാപകരും വാവിട്ട് നിലവിളിച്ചു. അഡ്വ. വി. ജോയി എം.എൽ.എ, വർക്കല കഹാർ, ചെമ്മരുതി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എ.എച്ച്. സലിം, സ്വാമി വിശാലാനന്ദ എന്നിവർക്കു പുറമെ വിവിധ രാഷ്ട്രീയ സാമൂഹിക സാംസ്കാരിക സംഘടനാ പ്രതിനിധികളും ജനപ്രതിനിധികളും സംസ്കാര ചടങ്ങിൽ സംബന്ധിച്ചു. പ്രിജിത്തിന്റെ സഹോദരങ്ങൾ പ്രിയ, പ്രണവ്. രാഹുലിന്റെ സഹോദരി രേഷ്മ.