ചിറയിൻകീഴ് ബസ് സ്റ്റാൻഡിലെ ആൽമരം ഇനി ഒരോർമ്മ മാത്രം !

ചിറയിന്‍കീഴ്‌: ചിറയിന്‍കീഴ്‌ ബസ്‌ സ്‌റ്റാന്‍ഡില്‍ 80 വര്‍ഷത്തോളമായി നില്‍ക്കുന്ന ആൽമരം അപകടാവസ്ഥയിൽ ആയതിനെ തുടർന്ന് മുറിച്ചുമാറ്റുന്നു. ആല്‍മരത്തിന്റെ വേരുകള്‍ തൊട്ടടുത്ത കെട്ടിടങ്ങളുടെ അടിത്തറ ഇളക്കുന്നതിനാലും മരം ചരിഞ്ഞ്‌ അപകടഭീഷണി ഉയര്‍ത്തുന്നതിനാലുമാണ്‌ മുറിച്ചുമാറ്റുന്നത്‌.
അര കിലോമീറ്ററോളമുള്ള കെട്ടിടങ്ങളുടെ അടിത്തറകള്‍ വിണ്ട്‌ ഇളകുന്നതായി കണ്ടുവരുന്നു. ചിറയിന്‍കീഴ്‌ ബസ്‌ സ്‌റ്റാന്‍ഡില്‍ നില്‍ക്കുന്ന ആല്‍മരത്തിന്റെ വേരുകളാണ്‌ വീടുകളുടെ അടിത്തറകള്‍ ഇളക്കുന്നത്‌ മനസ്സിലായി.
വീടിന്റെ അടിത്തറ ഇളകുന്നത്‌ ശ്രദ്ധയില്‍പ്പെട്ട ബസ്‌ സ്‌റ്റാന്‍ഡിനു സമീപം താമസിക്കുന്ന ശാന്തമ്മ റെയില്‍വേയില്‍ നിരന്തരമായി പരാതികള്‍ നല്‍കിയെങ്കിലും മരം മുറിച്ചുമാറ്റാന്‍ റെയില്‍വേ തയ്യാറായില്ല. വീട്‌ ഭാഗികമായി ഇളകിമാറാറായ അവസ്‌ഥ ഉണ്ടാകുമെന്ന സ്‌ഥിതി വന്നപ്പോള്‍ സ്വന്തം ചെലവില്‍ മരം മുറിക്കാന്‍ അനുവദിക്കണമെന്ന്‌ ആവശ്യപ്പെട്ടുകൊണ്ട്‌ റെയില്‍വേയില്‍ പരാതി നല്‍കി.
തുടര്‍ന്ന്‌ റെയില്‍വേ അതിന്‌ അനുവാദം നല്‍കുകയായിരുന്നു. പതിഞ്ച്‌ മരംവെട്ടുകാര്‍ മൂന്ന്‌ ദിവസം നിന്നാണ്‌ മരം മുറിച്ചുമാറ്റുന്നത്‌.
ദിനംപ്രതി നിരവധി ബസുകളും മറ്റ്‌ വാഹനങ്ങളും ഇതുവഴി കടന്നുപോകുന്നുണ്ട്‌. ആല്‍മരം ഏതു നിമിഷവും കടപുഴകി വീഴാമെന്ന അവസ്‌ഥയിലാണ്‌ നിന്നിരുന്നത്‌.