ഇതൊരു ഒന്നൊന്നര ഗേറ്റ് അടപ്പാണല്ലോ… !

പെരുങ്ങുഴി : പെരുങ്ങുഴിയിലെ റെയിൽവേ ഗേറ്റ് യാത്രക്കാർക്ക് ദുരിതം വിതയ്ക്കുന്നു. സിഗ്നൽ സംവിധാനം ഇല്ലാത്തതിനാൽ യാത്രക്കാരുടെ വിലപ്പെട്ട സമയം ഈ റെയിൽവേ ഗേറ്റിന് മുന്നിൽ പാഴാകുന്നു. പലപ്പോഴും മുക്കാൽ മണിക്കൂറിൽ അധികം ഗേറ്റിനുമുന്നിൽ കാത്തുകിടക്കേണ്ട സ്ഥിതിയാണ് നിലവിലുള്ളത്. ഗേറ്റ് അടപ്പ് സമയം നീളുന്നതിനാൽ സ്കൂൾ, കോളജ് വിദ്യാർഥികൾക്കും വിവിധ മേഖലകളിൽ ജോലി ചെയ്യുന്നവർക്കും കൃത്യസമയത്ത് സ്കൂൾ, കോളേജിലും, ഓഫീസുകളിലും എത്താൻ കഴിയുന്നില്ല. പലപ്പോഴും ആംബുലൻസ് പോലുള്ള അത്യാവശ്യ സർവീസുകളെയും ഗേറ്റ് അടച്ചിടുന്നത് ബാധിക്കുന്നുണ്ട്.

തിരുവനന്തപുരം – കൊല്ലം റൂട്ടിലെ ബാക്കി എല്ലാ റെയിൽവേ ഗേറ്റുകളിലും സിഗ്നൽ സിസ്റ്റം സ്ഥാപിച്ചപ്പോഴും ഈ ഗേറ്റിനെ അധികൃതർ തഴയുകയായിരുന്നു. സിഗ്നൽ സിസ്റ്റം ഇല്ലാത്തതിനാൽ തിരുവനന്തപുരത്ത് നിന്ന് കൊല്ലം ഭാഗത്തേക്ക് പോകുന്ന ട്രെയിനുകൾ കഴക്കൂട്ടം സ്റ്റേഷൻ കടക്കണമെങ്കിൽ പെരുങ്ങുഴി ഗേറ്റ് അടയ്ക്കണം. തിരുവനന്തപുരത്തേക്ക് പോകുന്ന ട്രെയിനുകൾ കടയ്ക്കാവൂർ എത്തുമ്പോഴും ഇവിടത്തെ ഗേറ്റ് അടയ്ക്കണം. അതിനാൽ പത്തും പതിനഞ്ചും മിനിട്ട് മുൻപ് തന്നെ ഗേറ്റ് അടയ്ക്കേണ്ടി വരുന്നു. ഒരു ട്രെയിൻ കടന്നു പോകുമ്പോൾ തന്നെ അടുത്ത ട്രെയിനിന് സിഗ്നൽ ആകുന്നതിനാൽ ഗേറ്റ് തുറക്കാൻ സാധിക്കില്ല. ഇങ്ങനെ ചിലപ്പോൾ നാല് ട്രെയിനുകൾക്ക് വേണ്ടിവരെ ഗേറ്റ് അടഞ്ഞ് കിടക്കാറുണ്ട്. സാധാരണ റെയിൽവേ ഗേറ്റുകളിൽ ട്രെയിൻ പോയാൽ ഉടൻ ഗേറ്റ് തുറക്കുമെങ്കിൽ ഇവിടെ രണ്ട് ട്രാക്കിലും കൊടികൾ വച്ച് ഗേറ്റിലെ പൂട്ടും തുറന്ന ശേഷമാണ് തുറക്കുന്നത്. പെരുങ്ങുഴി ആറാട്ട് കടവ്, കുഴിയം കോളനി, ഇടഞ്ഞുംമൂല കോളം തുടങ്ങിയ പ്രദേശങ്ങളിലുളളവരാണ് ഇതുവഴി ദിനംപ്രതി യാത്ര ചെയ്യുന്നത്. ഈ ജനങ്ങളുടെ ദുരിതങ്ങൾക്ക് അധികൃതർ യാതൊരു വിലയും കൽപ്പിക്കുന്നില്ലെന്നാണ് ആരോപണം. എത്രയുംവേഗം ഈ പ്രശ്നത്തിനൊരു പരിഹാരം കാണാൻ അധികൃതർ തയ്യാറായില്ലെങ്കിൽ ശക്തമായ പ്രക്ഷോഭവുമായി രംഗത്തിറങ്ങാനാണ് നാട്ടുകാരുടെ തീരുമാനം.