ചിറയിൻകീഴിൽ യുവാവ് മർദ്ദനമേറ്റ് മരിച്ച കേസിൽ 4 പേർ അറസ്റ്റിൽ

ചിറയിൻകീഴ്: ചിറയിൻകീഴ് പെരുങ്ങുഴിയിൽ യുവാവിനെ മർദിച്ച് കൊലപ്പെടുത്തിയ കേസിൽ നാലുപേരേ ചിറയിൻകീഴ് പോലീസ് അറസ്റ്റ് ചെയ്തു. കഴക്കൂട്ടം എഫ്.സി.ഐ. ഗോഡൗണിനു സമീപം കൈരളി നഗർ തെക്കേമുക്ക് വീട്ടിൽ ബാബുവിന്റെയും ഓമനയുടേയും മകൻ വിഷ്ണു (22) ആണ് മർദനമേറ്റ് മരിച്ചത്. പെരുങ്ങുഴി ഇടിഞ്ഞിമൂല കണ്ണേറ്റു വീട്ടിൽ രാജ് സൂര്യൻ(20), സഹോദരൻ രാജ് സംക്രാന്ത്(23), പെരുങ്ങുഴി മുഹമ്മദ് വില്ലയിൽ മുഹമ്മദ് ആഷിക്(24), പെരുങ്ങുഴി ഇടഞ്ഞിമൂല കിഴക്കേ വീട്ടിൽ സുനാജ്(30) എന്നിവരാണ് അറസ്റ്റിലായത്. സംഘം ചേർന്നുള്ള ക്രൂരമർദനത്തെ തുടർന്നാണ് വിഷ്ണു മരിച്ചത്. മൃതപ്രായനായ വിഷ്ണുവിനെ സംഘം ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.

പെരുങ്ങുഴി നാലുമുക്കിലുള്ള സുഹൃത്ത് രാജ് സൂര്യന്റെ വീട്ടിലെത്തിയതായിരുന്നു വിഷ്ണു. ഐ.ടി.ഐ. പഠനത്തിനുശേഷം മൈസൂർ റെയിൽവേ വർക്ക്ഷോപ്പിൽ അപ്രന്റീസ് ട്രെയിനികളായി ജോലി ചെയ്യുകയായിരുന്നു ഇരുവരും. വിഷ്ണുവും സൂര്യയും തമ്മിൽ നേരത്തെതന്നെ പ്രശ്നങ്ങൾ ഉണ്ടായിരുന്നതായും ഇത് പറഞ്ഞ് പരിഹരിക്കുന്നതിനായി പെരുങ്ങുഴിയിലുള്ള സൂര്യയുടെ വീട്ടിൽ വിളിച്ചുവരുത്തുകയായിരുന്നുവെന്നുമാണ് സൂചന. പെരുങ്ങുഴി ഇടഞ്ഞുംമൂല കോളം എന്ന സ്ഥലത്ത് ഇരുവരും വഴക്കിടുകയും സൂര്യയുടെ ബന്ധുവും സുഹൃത്തും ഒപ്പം ചേർന്ന് വിഷ്ണുവിനെ ക്രൂരമായി മർദിക്കുയും ചെയ്തതായാണ് സൂചന.

ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിൽ വ്യാഴാഴ്ച വൈകീട്ടോടെയാണ് യുവാവിനെ മൂന്നംഗസംഘം എത്തിച്ചത്. ഇടഞ്ഞുംമൂലയിൽ നിന്ന് ഓട്ടോറിക്ഷയിൽ കൊണ്ടുവരുന്ന വഴി ശാർക്കരയിൽ വച്ച് വിഷ്ണുവിനെ 108 ആംബുലൻസിലേക്ക് മാറ്റിയിരുന്നു. വിഷ്ണു മരിച്ചതായി തെളിഞ്ഞതോടെ മൂന്നംഗ സംഘം കടന്നുകളയുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. തെങ്ങിൽ നിന്ന് വീണാണ് യുവാവിന് പരിക്കേറ്റതെന്ന് സംഘം ആശുപത്രിയിൽ പറഞ്ഞിരുന്നു. എന്നാൽ വിഷ്ണുവിന്റെ ദേഹത്ത് ധാരാളം മർദനമേറ്റ പാടുകൾ ഉണ്ടായിരുന്നത് പോലീസിനെ സംശയിപ്പിച്ചു. കഴക്കൂട്ടം സ്വദേശിയാണ് മരിച്ചതെന്ന് രാത്രി വൈകിയാണ് പോലീസിന് വിവരം ലഭിച്ചത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മൂന്നുപേരേ ചിറയിൻകീഴ് പോലീസ് കസ്റ്റഡിയിലെടുത്തത്.

ആറ്റിങ്ങൽ ഡിവൈ.എസ്.പി. പി.അനിൽകുമാർ, ചിറയിൻകീഴ് എസ്.എച്ച്.ഒ. നിയാസ്, ഷാഡോ ടീമംഗങ്ങളായ ജ്യോതിഷ്, റിയാസ്, ബിജു ഹക്ക് എന്നിവർ ചേർന്ന് കോരാണിയിൽ നിന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.