മീനഭരണിക്ക് മേന്മ കൂട്ടാൻ നീന പ്രസാദ് ഇന്ന് ശാർക്കരയിൽ

ചിറയിൻകീഴ് : ശാർക്കര മീനഭരണി മഹോത്സവത്തോട് അനുബന്ധിച്ച് സുപ്രസിദ്ധ മോഹിനിയാട്ടം നർത്തകി ഡോ നീന പ്രസാദും ശിഷ്യരും ചേർന്നവതരിപികുന്ന മോഹിനിയാട്ടം കച്ചേരി ഇന്ന് രാത്രി 9അരയ്ക്ക് ശാർക്കര ക്ഷേത്രത്തിൽ നടക്കും. കേരളത്തിൽ നിന്ന് നൃത്തത്തിൽ ആദ്യമായി ഡോക്ടറേറ്റും പോസ്റ്റ്‌ ഡോക്ടറൽ ഫെല്ലോഷിപ്പും നേടിയിട്ടുള്ള നർത്തകിയാണു നീന പ്രസാദ്. കേരള കലയായ മോഹിനിയാട്ടത്തിനു പുതിയ മുഖം സമ്മാനിച്ച കലാകാരിയുടെ നിരവധി ഇനങ്ങൾ ജനശ്രദ്ധ ആകർഷിച്ചിട്ടുണ്ട്. സീതായനം, കൃഷ്ണഭക്തി, സഖ്യം തുടങ്ങിയവ പ്രധാന മോഹിനിയാട്ട ആവിഷ്കാരങ്ങളാണ്.

ഇന്ന് മോഹിനിയാട്ടം കച്ചേരി സമ്പ്രദായത്തിലുള്ള അവതരണമാണ് ശാർക്കര ക്ഷേത്ര മൈതാനിയിൽ അരങ്ങേറുന്നത്. പ്രധാന ശിഷ്യകളായ ഋതു പ്രകാശ്, വിദ്യമോൾ പ്രദീപ്‌ എന്നിവർക്കൊപ്പം സൗഗന്ധിക മോഹിനിയാട്ട കേന്ദ്രത്തിലെ തിരഞ്ഞെടുക്കപ്പെട്ട ശിഷ്യരും ഇന്ന് വേദിയിൽ അണിനിരക്കും.