അമൃതാ സ്വാശ്രയ സംഘത്തിലെ അംഗങ്ങൾക്ക് വസ്ത്രവിതരണം നടത്തി

ചിറയിൻകീഴ്: ചിറയിൻകീഴ് അമൃതാ സ്വാശ്രയ സംഘത്തിലെ ആറായിരം അംഗങ്ങൾക്ക് പുറമേ പുതുതായി ചേർന്ന 1100 അംഗങ്ങൾക്ക് അനുവദിച്ച വസ്ത്രങ്ങളുടെ വിതരണം കിഴുവിലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അൻസാർ നിർവഹിച്ചു. വിവിധയിനം തൊഴിൽ പരിശീലനത്തിന് അമൃതാനന്ദമയി അവസരം സൃഷ്ടിക്കുന്നതുകൊണ്ടാണ് കൂടുതൽ കുടുംബങ്ങൾ അമൃതാ സ്വാശ്രയ സംഘത്തിലേയ്ക്ക് ചേരുന്നതെന്ന് മുഖ്യ പ്രഭാഷണം നടത്തിയ ചിറയിൻകീഴ് അമൃതാ സ്വാശ്രയ സംഘം പ്രസിഡന്റ് സി.വിഷ്ണുഭക്തൻ പറഞ്ഞു.ഇതുവഴി സംഘാംഗങ്ങൾക്ക് മനുഷ്യസ്നേഹവും ഈശ്വര വിശ്വാസവും നന്മ ചെയ്യാനുള്ള അവസരവും വന്നുചേരുന്നു. സംഘർഷഭരിതമായ നമ്മുടെ ജീവിതരീതിയിൽ മനസിന് ശാന്തി ലഭിക്കാൻ യോഗ, മെഡിറ്റേഷൻ എന്നിവ വളരെയധികം ഉപയോഗപ്രദമാണ്. അമൃതാസ്വാശ്രയ സംഘത്തിലൂടെ സംഘാംഗങ്ങൾക്ക് അതിനുളള അവസരം ലഭിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചടങ്ങിൽ അമൃതാ സ്വാശ്രയ സംഘം രക്ഷാധികാരികളായ ജയകുമാർ, ജോയി, രാജൻ, സന്തോഷ്, ശിവദാസൻ എന്നിവർ പങ്കെടുത്തു.