ചെളിയും ഓരും നിറഞ്ഞ വെള്ളമാണ് ഇവർ കുടിക്കുന്നത്, രോഗങ്ങൾ പലത്…

പഴയകുന്നുമ്മൽ : കുടിക്കാൻ ഇവർക്ക് മലിനജലം. കൈതോട്ടിൽ കുളം കുത്തി ഓരു വെള്ളം കുടിച്ച് ദാഹം അകറ്റാനാണ് പുലിയം കോളനിവാസികൾക്ക് തലവിധി. ചെളിയും ഓരും നിറഞ്ഞ വെള്ളത്തിൽ ആഹാരം പാചകം ചെയ്ത് കഴിക്കുന്നതിനാൽ കുട്ടികൾക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടാകുന്നത് പതിവാണ്. പഴയകുന്നുമ്മൽ പഞ്ചായത്തിലെ ചെറുനാരകം കോട് വാർഡിൽ പുലിയം കോളനിയിലെ കുടിവെള്ള പദ്ധതി മുടങ്ങിയതോടെയാണ് കോളനി നിവാസികൾക്ക് ഈ ദുരവസ്ഥ ഉണ്ടായത്.

കുന്നിൻ മുകളിലായി സ്ഥിതി ചെയ്യുന്ന കോളനിയിൽ 16 കുടുംബങ്ങൾ താമസിക്കുന്നുണ്ട്. കോളനിയിലെ കുടിവെള്ളക്ഷാമം പരിഹരിക്കാനായി ആരംഭിച്ച കുടിവെള്ള പദ്ധതിയും നിലച്ചതോടെയാണ് താഴ്വാരത്തുള്ള കൈ തോട്ടിൽ ചെറിയൊരു കുളം കോളനിവാസികൾ ചേർന്ന് കുഴിച്ചത്. കൊടും വേനലിൽ കൈത്തോട് വരണ്ട് ഉണങ്ങിയതോടെ ഇവർ കുത്തിയ കുളത്തിലെ വെള്ളം ഓരും, ചെളിയും ചേർന്ന് കലങ്ങിയ നിലയിലാണ്. കുന്ന് ഇറങ്ങി വരുന്ന കോളനി നിവാസികൾ ഈ മലിന ജലമാണ് കുളിക്കാനും കുടിക്കാനും ഒക്കെ ഉപയോഗിക്കുന്നത്. ഓരു വെള്ളം കുടിക്കുന്നതിനാൽ പലരെയും പകർച്ചവ്യാധികൾ പിടികൂടികഴിഞ്ഞു.