ഡീസന്റ്മുക്ക് ജംഗ്ഷനിൽ പ്രവർത്തിക്കുന്ന ഇ.എം.എസ് സ്മാരക വായനശാലയ്ക്ക് സ്വന്തം കെട്ടിടം വേണമെന്നാവശ്യം ശക്തം

നാവായിക്കുളം: വാടക കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ഇ.എം.എസ് സ്മാരക വായനശാലയ്ക്ക് സ്വന്തം കെട്ടിടം വേണമെന്നാവശ്യം ശക്തം. നാവായിക്കുളം ഗ്രാമപഞ്ചായത്തിലെ ഡീസന്റ്മുക്ക് ജംഗ്ഷനിൽ മൂന്ന് വർഷത്തിന് മുൻപ് പ്രവർത്തനം ആരംഭിച്ച ഗ്രന്ഥശാല മികവുറ്റ പ്രവർത്തന ശൈലി കൊണ്ട് നാവായിക്കുളം ഗ്രാമപഞ്ചായത്തിലെ ശ്രദ്ധേയമായ വായനശാലകളിലൊന്നായി ഇതിനോടകം മാറി കഴിഞ്ഞു. കലാ സാംസ്കാരിക രംഗങ്ങളിലും സജീവ സാന്നിദ്ധ്യമായി ഗ്രന്ഥശാലയുണ്ട്. ഓണാഘോഷം, യുവാക്കളുടെ വടംവലി, ക്യാരംസ് ടൂർണമെന്റ്, മാജിക്‌ഷോ, നാടൻപാട്ട് മത്സരം തുടങ്ങിയ ഒട്ടേറെ കലാ കായിക മത്സരങ്ങളും ഗ്രന്ഥശാലയുടെ പേരിൽ നടത്തിയിട്ടുണ്ട്.

ഡീസന്റ്മുക്ക് ജംഗ്‌ഷനിൽ സി.സി.ടി.വി കാമറകൾ സ്ഥാപിച്ചത് ഗ്രന്ഥശാലയുടെ നേതൃത്വത്തിലാണ്. കുടവൂർ വില്ലേജിന്റെ സാംസ്കാരിക കേന്ദ്രമായ ഡീസന്റ്മുക്കിൽ വായനശാല സ്ഥാപിക്കണമെന്ന യുവാക്കളുടെ ചിരകാലാഭിലാഷമാണ് മൂന്ന് വർഷങ്ങൾക്ക് മുൻപ് സഫലമായത്. കേരളത്തിലെ ആദ്യത്തെ മുഖ്യമന്ത്രിയായിരുന്ന ഇ.എം.എസിന്റെ ഓർമ്മ ദിനത്തിലാണ് ഈ സ്ഥാപനം പ്രവർത്തനം ആരംഭിച്ചത്. അതുകൊണ്ടാണ് അദ്ദേഹത്തിന്റെ സ്മാരകമായി നാമകരണം ചെയ്തതും. വാടക കെട്ടിടത്തിൽ പ്രവർത്തിച്ചു വരുന്ന ഈ സാംസ്കാരിക സ്ഥാപനത്തിന് സ്വന്തമായ ഒരു ആസ്ഥാനമുണ്ടാക്കണമെന്ന ആഗ്രഹമാണ് നാട്ടുകാർക്കും വായനശാലാ ഭരണസമിതിക്കുമുള്ളത്. നിലവിൽ എം. ബഷീർ പ്രസിഡന്റും, ബി.പി. പ്രവീൺ സെക്രട്ടറിയുമായ പതിനഞ്ചംഗ ഭരണസമിതിയാണ് വായനശാലയുടെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.