ഇങ്ങനെ ഒരു പാരമ്പര്യം ആറ്റിങ്ങലിനുണ്ടെന്നു ബോധ്യമായ 10 ദിനങ്ങൾക്ക് കൊടിയിറങ്ങി

ആറ്റിങ്ങൽ :പാരമ്പര്യ കലാരൂപങ്ങളും ഉത്പന്നങ്ങളും നാട്ടറിവുകളും നിറഞ്ഞു നിന്ന ഗദ്ദിക മേള കൊടിയിറങ്ങി. ആറ്റിങ്ങൽ മാമം മൈതാനത്ത് 10 ദിവസം നീണ്ടു നിന്ന മേളയുടെ സമാപന സമ്മേളനം ആറ്റിങ്ങൽ എംപി ഡോ എ സമ്പത്ത് ഉദ്‌ഘാടനം നിർവഹിച്ചു. തനത് ഗോത്രകലാരൂപങ്ങളും രുചിക്കൂട്ടുകളും പാരമ്പര്യ വൈദ്യചികിത്സാ രീതികളും സമ്മേളിച്ച മഹാമേളയ്ക്കു ഫെബ്രുവരി 23നു ഗവർണർ പി സദാശിവനാണ് തിരി തെളിച്ചത്.

ഉത്പന്ന പ്രദർശന മേളയ്ക്കു പുറമേ പരമ്പരാഗത വൈദ്യന്മാരുടെ സ്റ്റാളുകൾ, ഭക്ഷണ മേള, ഗോത്ര ചിത്രകലാ പ്രദർശനം, ഗോത്ര വിഭാഗങ്ങളുടെ ഭക്ഷണ വിഭവങ്ങൾ തയാറാക്കുന്ന വിധം പരിചയപ്പെടുത്തൽ തുടങ്ങിയവ ആറ്റിങ്ങൽ നിവാസികൾക്ക് ഗദ്ദിക പരിചയപ്പെടുത്തി. ഗോത്ര കലാരൂപങ്ങളായ ആട്ടം, ചാമുണ്ഡി തെയ്യം, പളിയ നൃത്തം, പൂപ്പടതുള്ളൽ, ഊരാളിക്കൂത്ത്, നാടൻ പാട്ടുകൾ തുടങ്ങിയ കലാരൂപങ്ങളും ആറ്റിങ്ങലിൽ എത്തിയവർക്ക് ആവേശമായി. ഉത്സവപ്രതീതിയിൽ 10 ദിവസം നീണ്ടുനിന്ന ആഘോഷങ്ങൾക്ക് ആണ് തിരശ്ശീലവീണത്.

സമാപനസമ്മേളനത്തിൽ ആറ്റിങ്ങൽ എംഎൽഎ അഡ്വ ബി. സത്യൻ അധ്യക്ഷത വഹിച്ചു. നഗരസഭാ ചെയർമാൻ എം പ്രദീപ് സ്വാഗതം ആശംസിച്ച ചടങ്ങിൽ സാജു നന്ദി രേഖപ്പെടുത്തി. പ്രോഗ്രാം കൺവീനർ ആർ രാമു, വാർഡ് കൗൺസിലർ പ്രിൻസ് രാജ് തുടങ്ങിയവർ സംസാരിച്ചു.