ജില്ലയിൽ വൻ കഞ്ചാവ് വേട്ട – ഇരുപതുകാരൻ നാലര കിലോയുമായി പിടിയിൽ

കേരളാ പോലീസിന്റെ ഓപ്പറേഷൻ ബോൾട്ടിന്റെ ഭാഗമായി നടന്ന് വരുന്ന പരിശോധനയിലാണ് കൊട്ടാരക്കര , പുനക്കന്നൂർ ,പണിക്ക വീട്ടിൽ അനന്തു (20) നാലര കിലോയോളം കഞ്ചാവുമായി പിടിയിലായത്. തിരുവനന്തപുരം റൂറൽ ജില്ലാ പോലീസ് മേധാവി ബി. അശോകൻ ഐപിഎസ്സിന്റെ നേതൃത്വത്തിൽ ആന്റി നർകോട്ടിക്ക് ഷാഡോ പോലീസ് സംഘം ആണ് പ്രതിയെ പിടികൂടിയത്. തിരുവനന്തപുരം ജില്ലയിൽ മയക്കുമരുന്ന് സംഘങ്ങൾ നടത്തിയ കൊലപാതകങ്ങളെ തുടർന്ന് , ലഹരി മാഫിയയെ അമർച്ച ചെയ്യുന്നതിനായി എഡിജിപി മനോജ് എബ്രഹാം ഐപിഎസ്സിന്റെ നേതൃത്വത്തിൽ നടന്ന് വരുന്ന ഓപ്പറേഷൻ ബോൾട്ടിന്റെ ഭാഗമായി നടത്തിയ റെയ്ഡിലാണ് തമിഴ്നാട്ടിൽ നിന്നും കടത്തികൊണ്ടു വന്ന കഞ്ചാവുമായി ഇയാൾ പിടിയിൽ ആയത് .റെയിൽവേ പോലീസ് തമ്പാനൂർ കേന്ദ്രീകരിച്ച് നടത്തിയ റെയ്ഡിൽ കഞ്ചാവ് പിടികൂടിയ വിവരം അറിഞ്ഞ ഇയാൾ ട്രയിനിൽ നെയ്യാറ്റിൻകര ഇറങ്ങുക ആയിരുന്നു. തുടർന്ന് കയ്യിലുണ്ടായിരുന്ന കഞ്ചാവുമായി സ്കൂൾ പരിസരത്തെത്തി വിൽപ്പനക്കായി ശ്രമിക്കവെ ആണ് ഇയാൾ പ്രത്യേക സംഘത്തിന്റെ പിടിയിൽ ആയത്. നെയ്യാറ്റിൻകര ഡി.വൈ.എസ്.പി എഫ്. സിനി ഡെന്നിസ് , തിരു: റൂറൽ നർക്കോട്ടിക്ക് സെൽ ഡി.വൈ.എസ്.പി വിനോദ് പിള്ള , റൂറൽ ഷാഡോ എസ്‌ഐ പോൾവിൻ , ലഹരി വിരുദ്ധ ടീം അംഗം എഎസ്‌ഐ ഷിബു എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.