ചോർന്നൊലിക്കുന്ന വീട്ടിൽ രോഗിയായ അമ്മയും മകളും, സുമനസ്സുകളുടെ സഹായം തേടുന്നു…

പെരിങ്ങമ്മല : ചോർന്നൊലിക്കുന്ന അടച്ചുറപ്പില്ലാത്ത വീട്. അതിനൊപ്പം രോഗവും. ഈ വീട്ടിൽ ദുരിതക്കാഴ്ചയായി അമ്മയും 27കാരിയായ മകളും . ആശ്രയ ലിസ്റ്റിൽ ഒന്നാമത്തെ പേരുകാരിയായിട്ടും ഒരു വീട് നൽകാൻ കനിവില്ലാതെ പഞ്ചായത്ത് അധികൃതർ. പെരിങ്ങമ്മല പാപ്പനംകോട് കട്ടയ്ക്കാൽ വെങ്കിടഗിരിയിൽ ഷീലയും മകളുമാണ് ദയനീയ കാഴ്ചയാവുന്നത്. ഭർത്താവ് ഉപേക്ഷിച്ച ഇവരുടെ മകൾ ചെറുപ്പത്തിൽ പോളിയോ എടുത്തപ്പോൾ സംഭവിച്ച വൈകല്യമാണ് ഒരേ കിടപ്പിലാക്കിയത്.

ചലന ശേഷി ഉണ്ടെങ്കിലും സംസാര ശേഷിയില്ല. വർഷങ്ങളായി വിറയലോടുകൂടി കിടപ്പിലാണ്. വീടിന്റെ അവസ്ഥ ദയനീയം. മഴയത്ത് വീട്ടിനുള്ളിൽ വെള്ളം കെട്ടും,ചുവരിൽ തൊട്ടാൽ ഷോക്കടിക്കും. ഇടിഞ്ഞു വീഴാനും സാധ്യത ഏറെ. മുന്നിലെ വാതിൽ കെട്ടി വച്ചതും പിന്നിൽ പ്ലാസ്റ്റിക് കൊണ്ടു മറച്ചതുമാണ്. 20 വർഷം മുമ്പ് പഞ്ചായത്തിൽ നിന്ന് ഷീലയുടെ പരേതയായ അമ്മയ്ക്ക് ലഭിച്ചതാണ് വീട്. ഈ കാരണമാണ് വീട് നൽകാത്തതിനു പിന്നിൽ.
വാസയോഗ്യമായ വീടുകൾ വരെ ഇടിച്ചു നിരത്തി പുതിയ വീട് അനുവദിച്ച സംഭവങ്ങൾ ഉള്ളപ്പോഴാണ്  ഈ അനീതി. എന്തിനേറെ തുണികൊണ്ടു മറച്ച  ശുചിമുറി കാണാൻ പോലും അധികാരികൾക്ക് കണ്ണില്ല. പക്ഷേ, ഈ ദുരിതാവസ്ഥ കണ്ടു പാപ്പനംകോട് റസിഡന്റ്സ് അസോസിയേഷൻ  ശുചിമുറി നിർമ്മിച്ചു നൽകാൻ തീരുമാനിച്ചിട്ടുണ്ട്.  ചികിൽസയ്ക്കും മറ്റും  സഹായം അഭ്യർഥിച്ച്  പാലോട് ഗ്രാമീൺ ബാങ്കിൽ ഇവരുടെ പേരിൽ 40340101028508 (ഐഎഫ്എസ് സി:കെ.എൽ.ജി.ബി.0040340 നമ്പരിൽ അക്കൗണ്ട് ഉണ്ട്. ഫോൺ: 90720 96136.