തേനീച്ചക്കൂടുകൾ ഭീതി പരത്തുന്നു

വിതുര: വിതുര – ആര്യനാട് റോഡിൽ പറണ്ടോട് ചേരപ്പള്ളിക്ക് സമീപമുള്ള മരത്തിലെ തേനീച്ചക്കൂടുകൾ ഭീതി വിതയ്ക്കുന്നു. റോഡരികിൽ നിൽക്കുന്ന കൂറ്റൻ ആഞ്ഞിലി മരത്തിൽ തമ്പടിച്ചിരിക്കുന്ന തേനീച്ചകളാണ് പ്രദേശവാസികൾക്ക് ഭീഷണിയായി മാറിയിരിക്കുന്നത്. കഴിഞ്ഞ ദിവസം കൂട്ടിൽ പരുന്ത് തട്ടിയതുമൂലം തേനീച്ചകൾ കൂട്ടത്തോടെയിളകി തൊഴിലുറപ്പ് ജോലി കഴിഞ്ഞ് മടങ്ങിയ രണ്ട് വീട്ടമ്മമാർ ഉൾപ്പെടെ ആറ് പേരെ കുത്തി പരിക്കേൽപ്പിച്ചു. ആറ് പേരും ആര്യനാട് ഗവ. ആശുപത്രിയിൽ ചികിത്സ തേടി. രാത്രിയിൽ ലൈറ്റുകൾ കത്തിക്കുമ്പോൾ തേനീച്ചകൾ വീടുകളിലേക്ക് പ്രവഹിക്കാറുണ്ടെന്ന് നാട്ടുകാർ പറഞ്ഞു. മുൻപ് കെ.എസ്.ആർ.ടി.സി ബസിനകത്ത് കയറി യാത്രക്കാരെ അക്രമിച്ച സംഭവവുമുണ്ടായിട്ടുണ്ട്. ആറ് മാസം മുൻപ് ഒരു കൂട് മാത്രമാണ് ആഞ്ഞിലി മരത്തിൽ ഉണ്ടായിരുന്നത്. ഇപ്പോൾ കൂടുകളുടെ എണ്ണം അഞ്ചായി. തേനീച്ചശല്യത്തെ കുറിച്ച് നിരവധി തവണ നാട്ടുകാർ പഞ്ചായത്തിലും മറ്റും പരാതികൾ നൽകിയിട്ടും നടപടികൾ സ്വീകരിച്ചിട്ടില്ല. വിതുര, ആര്യനാട്, കാട്ടാക്കട, പൂവച്ചൽ, കുറ്റിച്ചൽ, ഉഴമലയ്ക്കൽ, നെയ്യാറ്റിൻകര ഭാഗങ്ങളിലേക്ക് പോകുന്നതിനായി ആയിരക്കണക്കിന് പേർ കടന്നുപോകുന്ന പ്രധാന റൂട്ടാണിത്. മാത്രമല്ല നൂറോളം സ്കൂൾ വാഹനങ്ങളും ഇൗ മരത്തിന് മുന്നിലൂടെയാണ് കടന്നുപോകുന്നത്. കാൽനടയാത്രികർ ഇൗ ഭാഗത്തെത്തുമ്പോൾ ഒാടി മാറേണ്ട അവസ്ഥയാണ്. രണ്ട് മാസം മുൻപ് വിതുരയിൽ തേനീച്ചയുടെ കുത്തേറ്റ് ഒരാൾ മരിക്കുകയും അനവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. തേനീച്ച ഇളകി ആറ് പേരെ കടിച്ചതോടെ ചേരപ്പള്ളി നിവാസികൾ പരിഭ്രാന്തിയിലാണ്. തേനീച്ചകൾ തമ്പടിച്ചിരിക്കുന്ന ആഞ്ഞിലി മരത്തിന് സമീപം അനവധി കുടുംബങ്ങൾ അധിവസിക്കുന്നുണ്ട്. അടിയന്തരമായി തേനീച്ചകൂടുകൾ നീക്കം ചെയ്തില്ലെങ്കിൽ തിരഞ്ഞെടുപ്പ് ബഹിഷ്ക്കരണം ഉൾപ്പടെയുള്ള സമരപരിപാടികൾ സംഘടിപ്പിക്കുവാനുള്ള തീരുമാനത്തിലാണ് നാട്ടുകാർ.