വേനൽ കടുക്കുന്നു: വെള്ളം മോഷ്ടിക്കുന്നവർ സൂക്ഷിക്കുക, വലിയ നോട്ടുകൾ പിഴയായി നൽകാം !

ചിറയിൻകീഴ് : കടുത്ത വേനലിൽ കുടിവെള്ളത്തിനായി ജനം പരക്കം പായുന്ന സാഹചര്യത്തിൽ ഒരു വിഭാഗം ആളുകൾ വാട്ടർ അതോറിറ്റിയുടെ വെള്ളം മോഷ്ടിക്കുന്നു. എന്നാൽ മോഷണം പിടിക്കപ്പെട്ടാൽ പിഴ ചെറിയ നോട്ടിൽ ഒതുക്കില്ല ഉദ്യോഗസ്ഥർ …

കഴിഞ്ഞ ദിവസം മാമം ഭാഗത്ത്‌ നിന്ന് വർഷങ്ങളായി വാട്ടർ അതോറിറ്റി അറിയാതെ പൈപ്പ് കിണറ്റിലേക്ക് കൊടുത്ത് വെള്ളം മോഷ്ടിച്ചവരെ അധികൃതർ കണ്ടുപിടിച്ചിരുന്നു. തുടർന്ന് അടുത്ത മോഷണം കണ്ടുപിടിച്ചത് ചിറയിൻകീഴ് റെയിൽവേവേ ഗേറ്റിന് സമീപമുള്ള വീട്ടിൽ നിന്ന്. വാട്ടർ അതോറിറ്റി നൽകിയ കണക്ഷൻ മീറ്ററിൽ നിന്ന് മറ്റൊരു പൈപ്പ് സ്ഥാപിച്ച് കിണറ്റിലേക്ക് വെള്ളം പമ്പ് ചെയ്താണ് മോഷണം. എന്നാൽ ഉദ്യോഗസ്ഥർ അവിടെ എത്തി വേണ്ട നടപടികൾ സ്വീകരിച്ചു.

ഇത്തരത്തിൽ ഒരു വിഭാഗം ചെയ്യുന്നത് കാരണം പ്രദേശത്തെ ജനങ്ങൾക്ക് ഉള്ള വെള്ളം കൂടി ഇല്ലാതാക്കാനുള്ള സാധ്യത കൂടുകയാണ്. ചൂട് കൂടി വെള്ളം കുറയുന്ന അവസരത്തിൽ ഒരിറ്റ് വെള്ളത്തിനു വേണ്ടി നെട്ടോട്ടം ഓടുന്നവർക്ക് ഇതൊരു പ്രഹരം കൂടിയാണ്. കാരണം വെള്ളം മോഷണം കാരണം ഒരു നാട് തന്നെ വരണ്ടുണങ്ങാൻ സാധ്യതയുണ്ട്. കുടിവെള്ളത്തിന് എടുക്കുന്ന പൈപ്പ് ലൈൻ മറ്റു പ്രവർത്തനങ്ങൾക്കായി ഉപയോഗിക്കുന്നത് ഉദ്യോഗസ്ഥർ കണ്ടെത്തിയാൽ വൻ പിഴ ചുമത്തും. നിലവിൽ പ്രത്യേക സംഘങ്ങളായി ഉദ്യോഗസ്ഥർ എല്ലാ സ്ഥലത്തും പരിശോധന നടത്തി വരികയാണ്.