ചൂടിലും പൊൻ‌മുടിയിൽ തിരക്ക്, ഒട്ടേറെ പ്രതിസന്ധികൾ

വിതുര:കുംഭച്ചൂടിൽ നിന്നും രക്ഷനേടാനായെത്തുന്ന വിനോദ സ‍ഞ്ചാരികളെ പൊന്മുടി നിരാശപ്പെടുത്തുന്നു.പതിവിലും വിപരീതമായി പൊന്മുടി മേഖല വരണ്ടുണങ്ങിയതാണ് സഞ്ചാരികൾക്ക് വിനയായത്.പൊൻമുടി മലനിരകളിലെ പുൽമേട് മുഴുവൻ വരണ്ടുണങ്ങി.പതിവിന് വിപരീതമായി ചൂട് വർദ്ധിച്ചതോടെ മൂടൽമഞ്ഞും അപ്രത്യക്ഷമായി.എന്നാൽ സഞ്ചാരികളുടെ വരവിന് മാത്രം കുറവുണ്ടായിട്ടില്ല.അവധി ദിവസങ്ങളിലാണ് കൂടുതൽ തിരക്ക്.ചൂടിൽ നിന്നും ശമനം നേടുവാനും, പൊൻമുടി മലനിരകളുടെ സൗന്ദര്യം ആസ്വദിക്കുവാനും മലകയറി എത്തുന്നവർക്ക് നേരേ പ്രകൃതി കണ്ണടച്ചിരിക്കുകയാണ്.

കൂടാതെ വനമേഖല വരൾച്ചയുടെ പിടിയിലായതോടെ വന്യമൃഗങ്ങൾ നാട്ടിലേക്കിറങ്ങുകയാണ്.
പൊൻമുടിയിലും സമീപ പ്രദേശങ്ങളിലും ആന,കാട്ടുപോത്ത്,പന്നി എന്നിവയുടെ സാന്നിദ്ധ്യം വ്യാപകമാകുകയാണ്. ഇടയ്ക്ക് രണ്ട് ദിവസം പൊൻമുടിയിൽ നേരിയ വേനൽ മഴയും കോടമഞ്ഞും ഉണ്ടായിരുന്നതൊഴിച്ചാൽ മേഖല വരൾച്ചാ ഭീഷണിയിലാണ്.
വേനൽ മൂർച്ഛിച്ചതോടെ പൊൻമുടിയിൽ കടുത്ത ജലക്ഷാമം അനുഭവപ്പെടുന്നുണ്ട്.കിണറുകളും,മറ്റ് ജലസ്ത്രോതസുകളും വറ്റി വരണ്ടു.
പൊൻമുടി നിവാസികൾ കുടിനീരിനായി പരക്കം പായേണ്ട അവസ്ഥയാണ് നിലവിൽ.കുടിവെള്ള പ്രശ്നത്തിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് ബന്ധപ്പെട്ടവർക്ക് നിവേദനം നൽകിയിട്ടും നടപടികൾ സ്വീകരിക്കാത്തതിനെതിരെ പ്രതിഷേധവും ഉയർന്നിട്ടുണ്ട്.
ചൂടിൻെറ ആധിക്യം നിമിത്തം ഇപ്പോൾ പൊൻമുടിയിലേയ്ക്ക് സഞ്ചാരികൾ എത്തുന്നുണ്ടെങ്കിലും വേനലവധിയാകുന്നതോടെ തിരക്ക് ഏറും.ഏപ്രിൽ,മേയ് മാസങ്ങളിലാണ് ഏറ്റവും കൂടുതൽ ടൂറിസ്റ്റുകൾ എത്തുന്നത്.അതേസമയം ടൂറിസംവകുപ്പും,വനം വകുപ്പും സഞ്ചാരികളെ ആകർഷിക്കുന്നതിനായി യാതൊരു പദ്ധതികളും പൊൻമുടി നടപ്പാക്കിയിട്ടില്ലെന്ന് പരാതി.

പൊൻമുടി മേഖലയിലനുഭവപ്പെടുന്ന കുടിവെള്ളക്ഷാമത്തിന് പരിഹാരം കാണണമെന്ന് പൊൻമുടി സംരക്ഷണ സമിതി ഭാരവാഹികൾ ആവശ്യപ്പെട്ടു.