ഹോട്ടലുകളിൽ മിന്നൽ പരിശോധന, പഴകിയ ഭക്ഷണം പിടികൂടി

കാട്ടാക്കട: കാട്ടാക്കടയിൽ ആരോഗ്യ വകുപ്പ് ഹോട്ടലുകൾ ബേക്കറി ഫ്രൂട്ട് സ്റ്റാൾ എന്നിവിടങ്ങളിൽ നടത്തിയ പരിശോധനയിൽ ഒരുമാസത്തോളം പഴക്കമുള്ള കവർ പാലുകൾ, ഫ്രൂട്സ് ഉൾപ്പടെ പിടിച്ചെടുത്തു. പരിശോധന നടത്തിയ സ്ഥലങ്ങളിൽ ജീവനക്കാർക്ക് ആരോഗ്യ കാർഡോ,​ മാലിന്യ നിർമാർജനത്തിന് സംവിധാനമോ ഇല്ല. പല സ്ഥാപനങ്ങളിലും കുടിവെള്ളം ശേഖരിച്ചു വച്ചിരിക്കുന്ന ടാങ്കുകൾ പാത്രങ്ങൾ എന്നിവയും വൃത്തിഹീനമായിരുന്നു. വില്പനയ്ക്കായി സൂക്ഷിച്ചിരുന്ന ആട്ടിയ മാവ് കാലാവധി കഴിഞ്ഞവയെന്നു കണ്ടെത്തി. ബേക്കറി സാധനങ്ങൾ 2018ൽ നിർമ്മിച്ചവയും ഇതിന്റെ കാലാവധി കഴിഞ്ഞതാണെന്നും കണ്ടെത്തി. കാട്ടാക്കട കെ.എസ്.ആർ.ടി.സി വാണിജ്യ സമുച്ചയത്തിൽ പ്രവർത്തിക്കുന്ന ടേസ്റ്റ് &ജോയ് ബേക്കറിയിൽ നിന്ന് ജ്യൂസിനായും ഷാർജ നിർമ്മിക്കുന്നതിനായും ഫ്രീസറിൽ സൂക്ഷിച്ചിരിക്കുന്ന കാലാവധി കഴിഞ്ഞ 30 കവർ പാൽ കണ്ടെടുത്തു. ജ്യൂസ് നിർമ്മിക്കാനായി സൂക്ഷിച്ചിരുന്ന പഴകിയ പഴ വർഗങ്ങളും കണ്ടെത്തി. പഴകിയ വസ്തുക്കൾ ഉടമയെ കൊണ്ട് തന്നെ നശിപ്പിക്കുകയും കാലാവധി കഴിഞ്ഞതും പഴകിയതുമായവ ഉപയോഗിക്കരുത് എന്ന നിർദ്ദേശവും നൽകി. ന്യൂ ഐശ്വര്യ ബേക്കറി, കാട്ടാക്കട കെ.എസ്.ആർ.ടി.സിക്ക് എതിർ വശത്ത് പ്രവർത്തിക്കുന്ന സൂര്യ ഫാസ്റ്റ് ഫുഡ് എന്നിവിടങ്ങളിലും പരിശോധന നടത്തി. ഇവയ്ക്കെല്ലാം പരിഹാരം ഉടൻ കാണണം എന്ന നിർദ്ദേശം ആരോഗ്യ വകുപ്പ് നൽകി. ആമച്ചൽ ആരോഗ്യ വകുപ്പ് ഹെൽത്ത് ഇൻസ്‌പെക്ടർമാരായ വർഗീസ്, പി. ഗോപിനാഥൻ,​ ശ്രീജിത്ത്, ആദർശ്, സന്തോഷ്,​ ജോയ് എന്നിവർ പരിശോധനയ്ക്ക് നേതൃത്വം നൽകി.