
കല്ലമ്പലം: ഒരു പുഴ കൂടി നാശത്തിലേക്ക്. കേരളത്തിലെ ഏറ്റവും ചെറിയ പുഴകളിൽ ഒന്നായ അഴിരൂർപ്പുഴയാണ് നാശത്തിന്റെ വക്കിൽ എത്തിയിരിക്കുന്നത്. നദിക്ക് വിലങ്ങനെ നിർമ്മിച്ച തടയണകളും കാലക്രമത്തിൽ നശിച്ചു കഴിഞ്ഞിരിക്കുന്നു. തടയണയും പുഴയും നശിച്ചതോടെ പ്രദേശത്തുള്ള കൃഷിയും പ്രതിസന്ധിയിലായിരിക്കുകയാണ്.വേനൽ ആരംഭിക്കുന്നതിനു മുൻപ് തന്നെ പ്രദേശം നേരിടുന്നത് കടുത്ത കുടിവെള്ള ക്ഷാമമാണ്. വേനലിലും സമൃദ്ധമായി ഒഴുകി കൊണ്ടിരുന്ന പുഴ ഇപ്പോൾ പൂർണമായും വറ്റി വരണ്ടു. കടുത്ത വേനലിനെതുടർന്ന് അയിരൂർ പുഴയുടെ നീരൊഴുക്ക് മന്ദഗതിയിലായി. പലയിടങ്ങളിലും ഒഴുക്ക് നിലച്ച് വെള്ളം കെട്ടികിടക്കുകയാണ്. കരവാരം, ഒറ്റൂർ, നാവായിക്കുളം പഞ്ചായത്തുകളുടെ ജീവനാടിയായിരുന്ന പുഴയുടെ നവീകരണ പ്രവർത്തങ്ങൾ യഥാസമയം നടത്താത്തത് കാരണം പുഴയുടെ പല ഭാഗവും കാട് കയറി ചെളി കെട്ടി കിടക്കുന്നതു കാരണം പുഴയുടെ ജല സംഭരണ ശേഷിയും കുറഞ്ഞു. പൂർവസ്ഥിതിയിലേക്ക് തിരിച്ചുപോകാൻ പറ്റാത്തവിധം അനുദിനം ശോഷിച്ചുവരുന്ന പുഴയുടെ സംരക്ഷണത്തിന് സമഗ്രപഠനവും ത്രിതല പഞ്ചായത്തുകളുടെ ശാസ്ത്രീയ ഇടപെടലും അനിവാര്യമാണെന്ന് നാട്ടുകാർ പറയുന്നു.