കോടികൾക്ക് പുല്ലുവിലയോ? കല്ലറ ജംഗ്ഷനിൽ തലേന്ന് ടാർ ചെയ്ത റോഡ് പിറ്റേന്ന് വെട്ടിപ്പൊളിച്ചു

കല്ലറ :കല്ലറ ജംഗ്ഷനിൽ തലേദിവസം ടാർ ചെയ്ത റോഡ് പിറ്റേന്ന് വെട്ടിപ്പൊളിച്ചു. 32 കോടി രൂപ മുടക്കി അത്യാധുനിക രീതിയിലാണ് കാരേറ്റ്- കല്ലറ -പാലോട് റോഡ് നിർമിക്കുന്നത്.എന്നാൽ കല്ലറ ജംഗ്ഷനിൽ പെട്രോൾ പമ്പിന് സമീപം വാട്ടർ അതോറിറ്റിയാണ് റോഡ് വെട്ടിപ്പൊളിച്ചത്.

വാട്ടർ അതോറിറ്റി പൈപ്പ് സ്ഥാപിക്കുന്നതിനായാണ് വ്യാഴാഴ്ച ടാർ ചെയ്ത റോഡ് വെള്ളിയാഴ്ച വെട്ടിപ്പൊളിച്ചത്. ജനങ്ങളെ ദുരിതത്തിലാക്കി ഇഴഞ്ഞുനീങ്ങിയ റോഡ് പണിക്കെതിരെ നാട്ടുകാർ വ്യാഴാഴ്ച ഹർത്താൽ നടത്തിയിരുന്നു. തുടർന്നാണ് പിഡബ്ല്യുഡി അധികൃതർ ഇടപെട്ട് കരാറുകാരനെ കൊണ്ട് റോഡ് ടാർ ചെയ്യിപ്പിച്ചത്. കോടികൾ മുടക്കി പണിത റോഡ് പിറ്റേന്ന് തന്നെ വെട്ടിപ്പൊളിച്ചതിനെതിരെ നാട്ടുകാർ ശക്തമായ പ്രതിഷേധത്തിലാണ്.