പൈപ്പ് മാറ്റാതെ കോടികൾ മുടക്കി റോഡ്, ഒടുവിൽ വെട്ടിപ്പൊളിക്കണം !

പാങ്ങോട് : കാലഹരണപ്പെട്ട കുടിവള്ള പൈപ്പുകൾ മാറ്റാതെ റോഡ് നിർമ്മാണം പുരോഗമിക്കുന്നു. പണികൾ പൂർത്തിയാകുമ്പോൾ റോഡും വെള്ളവുമില്ലാത്ത അവസ്ഥയിലാകുമോ എന്ന ആശങ്കയിൽ ജനങ്ങൾ. 32 കോടി മുടക്കി അത്യാധുനിക രീതിയിൽ നിർമ്മിക്കുന്ന കാരേറ്റ് – പാലോട് റോഡിന്റെ കാര്യമാണിത്.

റോഡിനടിയിൽ കാൽ നൂറ്റാണ്ട് മുൻപ് സ്ഥാപിച്ച കൂറ്റൻ സിമന്റ് പൈപ്പുകൾ മാറ്റാതെയാണ് റോഡിന്റെ പണികൾ നടക്കുന്നത്. റോഡിന്റെ പണികൾ പൂർത്തിയാകുമ്പോൾ ഈ പൈപ്പുകൾ പൂർണമായും മദ്ധ്യഭാഗത്താകും. കേന്ദ്ര ത്വരിത ഗ്രാമീണ ശുദ്ധജല പദ്ധതിയുടെ ഭാഗമായി കല്ലറ, പാങ്ങോട് പഞ്ചായത്തുകളിൽ 1998ൽ സ്ഥാപിച്ച പൈപ്പുകളാണിവ. ഭരതന്നൂർ ഹൈസ്കൂൾ ജംക്‌ഷൻ മുതൽ മൈലമൂട് വരെ അഞ്ച് കിലോ മീറ്റർ ദൂരത്തിൽ വലിയ പൈപ്പുകളുണ്ട്. ഇത് കൂടാതെ കാരേറ്റ് മുതൽ പാലോട് വരെ വിവിധ ജലവിതരണ പദ്ധതികളുടെ ഭാഗമായി സ്ഥാപിച്ച പൈപ്പുകളും റോഡിനടിയിലുണ്ട്. എപ്പോഴും പൊട്ടാവുന്ന അവസ്ഥയിലുള്ള പൈപ്പുകളാണിവ. പൈപ്പുകൾ പൊട്ടിയാൽ പൊട്ടുന്ന ഭാഗത്തെ റോഡും ഒലിച്ച് പോകും. ഒടുവിൽ റോഡും കുടിവെള്ളവും ഇല്ലാത്ത അവസ്ഥയാകും നാട്ടുകാർക്ക്. സിമന്റ് പൈപ്പുകൾ മാറ്റി ഇരുമ്പ് പൈപ്പുകൾ സ്ഥാപിക്കുകയാണ് ഇതിന് പോംവഴി. ഇരുപത്തിയഞ്ച് വർഷം മുൻപാണ് ഇപ്പോഴുള്ള സിമന്റ് പൈപ്പുകൾ സ്ഥാപിച്ചത്. പൈപ്പുകൾ ബലക്ഷയം കാരണം അടിക്കടി പൊട്ടുന്നത് പതിവാണ്. പഴയ സിമന്റ് പൈപ്പുകൾ മാറ്റി ഇരുമ്പ് പൈപ്പുകൾ സ്ഥാപിച്ചാൽ മാത്രമേ പൈപ്പുകൾപൊട്ടുന്നത് തടയാനാകൂ. വാട്ടർ അതോറിട്ടിയാണ് ഇത് ചെയ്യേണ്ടത്. റോഡ് നിർമ്മാണം ആരംഭിക്കുന്നതിന് മുൻപ് പൈപ്പുകൾ മാറ്റണമെന്ന് പി.ഡബ്ളിയു.ഡി അധിക‌ൃതർ വാട്ടർ അതോറിട്ടി അധികൃതരോട് ആവശ്യപ്പെട്ടുന്നതാണ്. ഒരു കിലോ മിറ്ററിന് ഒരു കോടി എന്ന കണക്കിന് മുമ്പ് മുപ്പത്തി രണ്ട് കോടി മുടക്കിയാണ് കാരേറ്റ്- പാലോട് റോഡിന്റെ പണികൾ നടത്തുന്നത്.