പ്രതിഷേധം കനത്തു : കല്ലറയിൽ ടാറിങ് തുടങ്ങി

കല്ലറ: അനന്തമായി നീളുന്ന റോഡ് പണിക്കെതിരെ വ്യാപാരികളും നാട്ടുകാരും ശക്തമായ പ്രതിഷേധവുമായി രംഗത്തിറങ്ങിയപ്പോൾ കരാറുകാരൻ മുട്ടുമടക്കി. കാരേറ്റ് – പാലോട് റോഡ് പണി ഇഴഞ്ഞു നീങ്ങുന്നതിൽ പ്രതിഷേധിച്ച് കല്ലറയിൽ വ്യാപാരികൾ ഹർത്താൽ നടത്തിയതിനെ തുടർന്നാണ് കരാറുകാരൻ ടാറിംഗ് ആരംഭിച്ചത്. ടാറിംഗിനായി വെട്ടിപ്പൊളിച്ചിട്ട റോഡിൽ നിന്നുള്ള പൊടി കാരണം വ്യാപാര സ്ഥാപനങ്ങൾ തുറക്കാൻ കഴിയാത്ത സ്ഥിതിയായിരുന്നു ഈ പ്രദേശത്ത്. ഹോട്ടലുകളിലും ബേക്കറികളിലും പൊടിശല്യം കാരണം ഭക്ഷണസാധനങ്ങൾ ചീത്തയാകുകയും ആളുകൾ ഇവ വാങ്ങാതാകുകയും ചെയ്തു. പൊടിശല്യം കാരണം പൊറുതിമുട്ടിയ വ്യാപാരികൾ നിരവധി തവണ കരാറുകാരനോടും ബന്ധപ്പെട്ട ഉദ്യോഗസ്ഥരോടും തങ്ങളുടെ ദയനീയവസ്ഥ പറഞ്ഞെകിലും ആരും ചെവികൊണ്ടിരുന്നില്ല. മറ്റു മാർഗങ്ങൾ ഇല്ലാതെ വന്നതോടെയാണ് വ്യാപാരികൾ സ്ഥാപനങ്ങൾ അടച്ചിട്ട് ഹർത്താൽ നടത്താൻ തീരുമാനിച്ചത്. ഹർത്താൽ പ്രഖ്യാപിച്ചതിനെ തുടർന്ന് ചിലർ ഹർത്താൽ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് വ്യാപാരി നേതാക്കളെ സമീപിച്ചെങ്കിലും അവർ അയഞ്ഞില്ല. ശ്രമം പാളിയതോടെ ഹർത്താൽ നടത്താനിരുന്ന ദിവസത്തിന്റെ തലേന്ന് അർദ്ധ രാത്രി മുതൽ കല്ലറ ടൗണിൽ ടാറിംഗ് പണികൾ തുടങ്ങുകയായിരുന്നു. അടിയന്തരമായി റോഡ് ടാർ ചെയ്തു തീർക്കണമെന്ന് നാട്ടുകാർ നിരവധി തവണ ആവശ്യപ്പെട്ടിട്ടും കൂട്ടാക്കാതിരുന്ന കരാറുകാരനാണ് ഹർത്താൽ പ്രഖ്യാപിച്ചതോടെ ടാറിംഗ് പണികൾ ആരംഭിച്ചത്. പൊടി ശല്യം രൂക്ഷമായതോടെ വാഹനയാത്രക്കാരും കാൽനടയാത്രക്കാരും മാസ്ക് ധരിക്കേണ്ട അവസ്ഥയായിരുന്നു ഇവിടെ. കരാറുകാരന്റെ അനാസ്ഥയാണ് പണി ഇഴയാൻ കാരണമെന്നാണ് നാട്ടുകാരുടെ ആരോപണം. 32 കോടി ചെലവിലാണ് ഇവിടെ റോഡ് പണി നടത്തുന്നത്. ഭരതന്നൂർ ജംഗ്ഷനിൽ രണ്ട് മാസം മുമ്പ് ആരംഭിച്ച ഒാട നിർമ്മാണവും ഇഴയുകയാണ്. സ്ഥിതി തുടർന്നാൽ കല്ലറയ്ക്ക് പിന്നാലെ ഭരതന്നൂരിലും വ്യാപാരികൾ കടകളടച്ച് സമരത്തിനിറങ്ങുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി ഭരതന്നൂർ യൂണിറ്റ് ഭാരവാഹികൾ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്