പിഴയും സേനയുമുണ്ടെങ്കിലും കരകുളത്ത് മാലിന്യ നിക്ഷേപം തകൃതി

കരകുളം : മാലിന്യം വലിച്ചെറിയുന്നവരുടെ ദൃശ്യങ്ങൾ പകർത്തി നൽകിയാൽ അയ്യായിരം രൂപവരെ പാരിതോഷികം ഏർപ്പെടുത്തിയ പഞ്ചായത്താണ് കരകുളം. മാലിന്യ നിക്ഷേപം ചെറുക്കാൻ അമ്പതംഗ ഹരിതകർമ്മ സേനയും പ്രാദേശിക നിരീക്ഷണ സമിതികളും ഇവിടെ സജ്ജമാണ്. എന്നിട്ടും പഞ്ചായത്തിന്റെ ജീവനാഡികളായ കൈത്തോടുകളും കുഞ്ഞരുവികളും മാലിന്യം നിക്ഷേപിക്കാനെത്തുന്ന സാമൂഹിക വിരുദ്ധരുടെ പ്രധാന കേന്ദ്രമായി മാറുകയാണ്. ഇവിടെ സെപ്ടിക് മാലിന്യം നിക്ഷേപിക്കാൻ പ്രത്യേകം സംഘങ്ങളും എത്താറുണ്ട്. കിള്ളിയാറിന്റെ പ്രധാന കൈവഴികളായ കലാഗ്രാമം കൈത്തോടും മാടവനത്തോടും ഞാലിക്കോണം അരുവിയുമെല്ലാം സെപ്ടിക് ടാങ്ക് മാലിന്യം കുമിഞ്ഞുകൂടി ചീഞ്ഞു നാറുകയാണ്. കരകുളം ഗ്രാമപഞ്ചായത്തിന്റെ ചുറ്റുവട്ടത്തുള്ള നീരൊഴുക്കുകൾക്കാണ് ഈ ദുർഗതി. മാലിന്യം നിക്ഷേപിക്കുന്നവരെ കൈയോടെ പിടികൂടി തരൂ, പാരിതോഷികം തരാമെന്നാണ് ഗ്രാമപഞ്ചായത്തും പൊലീസും പറയുന്നത്. എന്നിട്ടും മാലിന്യനിക്ഷേപകരെ പൊക്കാൻ കഴിയുന്നില്ല !

മാലിന്യ മുക്ത കിള്ളിയാറിന്റെ സാക്ഷാത്കാരത്തിനായി മന്ത്രിമാരുടെ നേതൃത്വത്തിൽ ശുചികരണ ദൗത്യം തകൃതിയായി നടക്കുമ്പോഴാണ് നദിയുടെ ഉറവകളിലും കൈവഴികളിലും സെപ്ടിക് മാലിന്യം നിക്ഷേപിക്കുന്നത്. ഇരുട്ടിന്റെ മറവിലെ മാലിന്യ നിക്ഷേപം കാരണം പൊറുതിമുട്ടി കഴിയുകയാണ് പ്രദേശവാസികൾ.
തലസ്ഥാനത്തെ പ്രസിദ്ധമായ കലാപരിശീലന കേന്ദ്രമാണ് കലാഗ്രാമം. ഇതിനു മുന്നിലൂടെ ഒഴുകുന്ന അഞ്ഞൂറ് മീറ്റർ നീളമുള്ള കൈത്തോട്ടിലാണ് ഏറ്റവും കൂടുതൽ മാലിന്യ നിക്ഷേപം നടക്കുന്നത്. തോട്ടിലെ വെള്ളം ദേഹത്ത് വീണാൽ ചൊറിഞ്ഞടരുമെന്ന അവസ്ഥയാണ്. കക്കൂസ് മാലിന്യം ടാങ്കർലോറികളിൽ കൊണ്ട് വന്ന് നിലമതല ജംഗ്ഷന് സമീപം ഒഴുക്കി വിടുകയാണെന്ന് പരാതിയുണ്ട്. കരകുളം പഞ്ചായത്ത് പരിധിയിൽ ജില്ലാ സർവേയറുടെ നേതൃത്വത്തിൽ കിള്ളിയാറിലെ കൈയേറ്റങ്ങൾ കണ്ടെത്തുന്നതിനുള്ള ജാഗ്രത സമിതികൾ ഒരാഴ്ചയായി സജീവമായി രംഗത്തുണ്ട്. ജലത്തിൽ മനുഷ്യ വിസർജത്തിന്റെ അളവേറിയതോടെ സർവേയർമാർ അവരുടെ പാട്ടിനു പോയി. കൈയേറ്റം കണ്ടെത്താനുള്ള അധികൃതരെ ആറ്റിൽ നിന്ന് കരകയറ്റാനുള്ള സൂത്രമാണോ പൊടുന്നനെ വർദ്ധിച്ച കക്കൂസ് മാലിന്യ നിക്ഷേപമെന്ന സംശയവും ഉയരുന്നുണ്ട്.