കിടപ്പുരോഗികൾക്ക് കാരുണ്യമേകാൻ മുദാക്കലിൽ കാരുണ്യ ബോക്സ്

മുദാക്കൽ : കാരുണ്യ ബോക്സുമായി മുദാക്കൽ പഞ്ചായത്ത്‌ പാലിയേറ്റീവ് യൂണിറ്റ്. നിർധനരായ കിടപ്പ് രോഗികൾക്ക് കാരുണ്യ മുള്ളവരിൽ നിന്നും ധനം ശേഖരിക്കാനും അവർക്ക് ഭക്ഷ്യധന്യങ്ങളും, പുതപ്പുകളും വാങ്ങാനും മരുന്നുകളും മറ്റും വാങ്ങാനും ഫണ്ട്‌ കണ്ടെത്താൻ മുദാക്കൽ പഞ്ചായത്തും പ്രാഥമിക ആരോഗ്യകേന്ദ്രവും സംയുക്തമായി കാരുണ്യ ബോക്സ്‌ സ്ഥാപിക്കാൻ തീരുമാനിച്ചു. പഞ്ചായത്തിലെലെ വിവിധ സ്ഥാപനങ്ങൾ, വില്ലേജ് ഓഫിസ്, കല്യാണമണ്ഡപങ്ങൾ, റേഷൻ കടകൾ, സ്കൂളുകൾ മറ്റു പ്രധാന സ്ഥലങ്ങളിൽ ഈ ബോക്സ്‌ സ്ഥാപിക്കും. മാസം തോറും പഞ്ചായത്തിലെ സ്റ്റാഫും പാലിയേറ്റിവിലെ സ്റ്റാഫും ഓരോ സ്ഥലത്തും എത്തി സ്ഥാപന പ്രതിനിധിയുടെ സാനിധ്യത്തിൽ പണം തിട്ടപ്പെടുത്തി പഞ്ചായത്ത്‌ പ്രസിഡന്റിന്റെയും പ്രൈമറി ഹെൽത്ത് സെന്ററിലെ ഡോക്ടറുയും സംയുക്ത അക്കൗണ്ടിൽ നിക്ഷേപിക്കും. ഹോസ്പിറ്റൽ മാനേജ്മെന്റ് കമ്മിറ്റി തീരുമാനപ്രകാരം രോഗികൾക്ക് ആവശ്യാനുസരണം സാധങ്ങൾ വാങ്ങി നൽകും. പ്രൈമറി ഹെൽത്ത് സെന്ററിൽ നടന്ന കാരുണ്യ ബോക്സ്‌ പദ്ധതി ഉദ്ഘാടനം ചിറയിൻകീഴ് ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗം ഇളമ്പ ഉണ്ണികൃഷ്ണൻ നിർവഹിച്ചു. ക്രൈസ്റ്റ് നഗർ സ്കൂൾ പ്രതിനിധികൾക്ക് കാരുണ്യ ബോക്സ്‌ നൽകിയാണ് പദ്ധതിക്ക് തുടക്കം കുറിച്ചത്. ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ആർ. എസ്. വിജയകുമാരി, ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ സുഷമ ദേവി, രമ ഭായിഅമ്മ, ജയശ്രീ,ഡോക്ടർ ലക്ഷ്മി, അനിൽകുമാർ,സുജാതൻ, ഹരി, സിനി എന്നിവർ സംസാരിച്ചു.