കാട്ടാക്കടയിൽ ബിജെപി പ്രവർത്തകന് വെട്ടേറ്റു

കാട്ടാക്കട : ഇലക്ഷൻ അടുക്കുംതോറും കാട്ടാക്കടയിൽ സിപിഎം ബിജെപി സംഘർഷം തുടരുന്നു. കഴിഞ്ഞ ദിവസം രാത്രി 12 മണിക്ക് യുവമോർച്ച പ്രവർത്തകനെ രണ്ടു പേർ ചേർന്ന് വെട്ടിപരിക്കേൽപ്പിച്ചു. കാട്ടാക്കട നക്രാംചിറ സ്വദേശി ജിബിൻ 26നാണ് വെട്ടേറ്റത്.

ജിബിൻ പറയുന്നത് ഇങ്ങനെ : കഴിഞ്ഞദിവസം രാത്രി 12 മണിയോടെ വീട്ടിലേക്ക് വരികയായിരുന്ന ജിബിനെ ബൈക്കിലെത്തിയ ഡി.വൈ.എഫ്.ഐ പ്രവർത്തകരായ ലെനിനും സുഹൃത്തും തടഞ്ഞുനിർത്തി ജീവൻറെ പേരെന്താണെന്ന് തിരക്കിയ ശേഷം യാതൊരു പ്രകോപനവുമില്ലാതെ വെട്ടി പരിക്കേൽപ്പിക്കുകയായിരുന്നത്രെ. ലെനിനും സുഹൃത്തുക്കളും പ്രദേശത്തെ കഞ്ചാവ് മാഫിയയാണെന്നും നിരവധിതവണ കാട്ടാക്കട പൊലീസ് ഇവരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും ജിബിൻ പറഞ്ഞു. രാഷ്ട്രീയവൈരാഗ്യം ആകാം ആക്രമണത്തിന് പിന്നിലെന്നും ജിബിൻ സംശയിക്കുന്നു.

വെട്ടേറ്റ് നിലവിളിച്ച ജിബിനെ നാട്ടുകാർ ചേർന്ന് മെഡിക്കൽകോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും തുടർചികിത്സക്കായി കാട്ടാക്കട ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. ഇതിനുമുമ്പും കള്ളിക്കാട് പ്രദേശത്ത് സി.പി.എം ബി.ജെ.പി പ്രവർത്തകർ തമ്മിൽ സംഘർഷം നടന്നിട്ടുണ്ട്. ജിബിനെ വെട്ടിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ കാട്ടാക്കട പോലീസ് അന്വേഷണം നടത്തി വരുന്നു.