കാട്ടാക്കടയിൽ മാലിന്യം കുന്നുകൂടുന്നു

കാട്ടാക്കട:കാട്ടാക്കട പട്ടണത്തിലും പരിസരത്തും മാലിന്യങ്ങൾ കുന്നുകൂടിയിട്ടും നീക്കാൻ നടപടിയില്ലെന്ന് ആക്ഷേപം. നെയ്യാറ്റിൻകര റോഡിലെ സ്വകാര്യ ആശുപത്രിക്ക് എതിർവശവും മൊളിയൂർ, കട്ടക്കോട് റോഡുകൾ, ചൂണ്ടുപലകയ്ക്കു സമീപം, മൃഗാശുപത്രി റോഡിലുമൊക്കെ മാലിന്യം കുന്നുകൂടി കിടക്കുകയാണ്. പലയിടത്തും ചാക്കിലും, പ്ലാസ്റ്റിക് കവറുകളിലുമൊക്കെ കെട്ടിയാണ് ഇറച്ചി അവശിഷ്ടങ്ങൾ ഉൾപ്പെടെ തള്ളിയിട്ടുള്ളത്.

മാലിന്യംതള്ളിയ ഇടങ്ങൾ തെരുവുനായ്‌ക്കളും പക്ഷികളും െെകയടക്കിയതോടെ പ്രദേശത്തുകാർ ബുദ്ധിമുട്ടിലാണ്. വേനൽമഴ പെയ്തതോടെ ഈ മാലിന്യങ്ങളാകെ അഴുകി ദുർഗന്ധംവമിക്കുന്ന അവസ്ഥയിലാണ്. പട്ടണത്തിന്റെ രണ്ട് കിലോമീറ്റർ ചുറ്റളവിലാണ് മാലിന്യനിക്ഷേപം കൂടുതൽ. പഞ്ചായത്തിൽ ഹരിതസേനയും വാഹനവുമൊക്കെയുണ്ടെങ്കിലും മാലിന്യനീക്കം യഥാസമയം നടക്കുന്നില്ലെന്നാണ് ആക്ഷേപം. എന്നാൽ, നീക്കംചെയ്യുന്നിടങ്ങളിൽ ദിവസങ്ങൾക്കകം വീണ്ടും മാലിന്യങ്ങൾ എത്തുന്നതാണ് പ്രശ്നമെന്ന്‌ പഞ്ചായത്ത് അധികൃതർ പറയുന്നു.