കഴക്കൂട്ടത്ത് യുവാവിനെ തട്ടിക്കൊണ്ടുപോയി മർദിച്ച കേസിൽ 4 പേർ കസ്റ്റഡിയിൽ

കഴക്കൂട്ടം: യുവാവിനെ ജോലി സ്ഥലത്ത് നിന്ന് തട്ടിക്കൊണ്ട് പോയി മർദിച്ച് റോഡിൽ ഉപേക്ഷിച്ച സംഭവുമായി ബന്ധപ്പെട്ട നാലു പേർ കഴക്കൂട്ടം പൊലീസിന്റെ കസ്റ്റഡിയിൽ.

മർദനത്തിൽ ഗുരുതരമായി പരുക്കേറ്റ തിരുമല സ്വദേശി വിഷ്ണു ദേവ് (23) കഴക്കൂട്ടത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

സംഭവത്തെകുറിച്ച് പൊലീസ് പറയുന്നത്:

കഴക്കൂട്ടത്തെ ബൈക്ക് വർക്ക്ഷോപ്പിൽ ജോലി ചെയ്തുവരുന്ന വിഷ്ണുദേവ് പ്രതികളിൽ ഒരാളുടെ ബന്ധുവുമാ‌യി പ്രണയത്തിലായിരുന്നു .എന്നാൽ പിന്നീട് പെൺകുട്ടി മറ്റൊരാളെ കല്യാണം കഴിച്ചു.ഇതിന്റെ വൈരാഗ്യത്തിൽ വിഷ്ണു ദേവ് പെൺകുട്ടിയുടെ ഭർത്താവിനും  ഫെയ്സ് ബുക്കിലും വിഷ്ണുവിനോടൊപ്പം പെൺകുട്ടി നിൽക്കുന്ന ചിത്രം പോസ്റ്റുചെയ്തു . തുടർന്ന് പെൺകുട്ടിയുടെ ബന്ധു വട്ടിയൂർക്കാവ് പൊലീസ് സ്റ്റേഷനിൽ  പരാതിപ്പെട്ടു. എന്നാൽ പൊലീസിന്റെ ഭാഗത്തുനിന്നും നടപടിയുണ്ടായില്ല.
തുടർന്ന് രാത്രി  അഞ്ചംഗസംഘം കഴക്കൂട്ടത്തെ വർക്ക്ഷോപ്പിൽ എത്തി വിഷ്ണു ദേവിനെ മർദ്ദിച്ച് കാറിൽ  ബലം പ്രയോഗിച്ച്  കയറ്റി കൊണ്ട് പോയി. വട്ടിയൂർക്കാവ് സ്റ്റേഷനിൽ എത്തിച്ചു. വിഷ്ണുവിന്റെ ശരീരത്തിലെ പരുക്കു കണ്ടപ്പോൾ എസ്ഐ ഇയാളെ കസ്റ്റഡിയിലെടുക്കാനാവില്ലെന്നറിയിച്ചു.
തുടർന്ന് രാത്രി ഒരു മണിയോടെ വിഷ്ണുവിനെ തിരികെ കഴക്കൂട്ടത്തെ റെയിൽവേ മേൽപാലത്തിന്റെ കീഴിൽ കൊണ്ട് തള്ളിയ ശേഷം സംഘം മുങ്ങി. വിഷ്ണു ജോലിചെയ്ത വർക്കുഷോപ്പു ഉടമ പൊലീസിനെ അറിയിച്ചതിനെതു‌ടർന്ന് കഴക്കൂട്ടം പൊലീസ് എത്തി വിഷ്ണുവിനെ കഴക്കൂ‌ട്ടത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു.